കുന്നോളം വിദേശ നാണയ ശേഖരം

Sunday 23 November 2025 12:56 AM IST

സ്വർണ ശേഖരത്തിലെ കുതിപ്പ് നേട്ടമാകുന്നു

കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ നേരിടാൻ ഇന്ത്യ വിദേശ നാണയ ശേഖരം കുത്തനെ ഉയർത്തുന്നു. നവംബർ 14ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 554.3 കോടി ഡോളർ വർദ്ധിച്ച് 69,257.6 കോടി ഡോളറിലെത്തി. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായിട്ടും വിദേശ നാണയ ശേഖരം ഉയരുകയാണ്. വെള്ളിയാഴ്‌ച ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലമായ 89.55 വരെ എത്തിയിരുന്നു. ഇറക്കുമതിക്കാരും വിദേശ നിക്ഷേപകരും ഡോളർ വാങ്ങി കൂട്ടിയതാണ് രൂപയ്ക്ക് സമ്മർദ്ദം വർദ്ധിപ്പിച്ചത്. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ അടുത്ത വാരം രൂപയുടെ മൂല്യം 90 കവിയുമെന്ന് അനലിസ്‌റ്റുകൾ പറയുന്നു.

റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണ ശേഖരത്തിന്റെ മൂല്യം അവലോകന കാലയളവിൽ 532.7 കോടി ഡോളറിന്റെ വർദ്ധനയുണ്ടായി. വിദേശ നാണയങ്ങളുടെ മൂല്യത്തിൽ നേരിയ വർദ്ധന മായ്രമാണുണ്ടായത്. മുൻവാരം വിദേശ നാണയ ശേഖരം 269.9 കോടി ഡോളർ കുറഞ്ഞ് 68,703.6 കോടി ഡോളറായിരുന്നു. ഒക്ടോബർ അവസാന വാരം സ്വർണ വിലയിലെ കുതിപ്പിൽ വിദേശ നാണയ ശേഖരം 70,250 കോടി ഡോളർ വരെ ഉയർന്നിരുന്നു.

റെക്കാഡിലേക്ക് ചെറിയ ദൂരം

കഴിഞ്ഞ വർഷം സെപ്തംബർ അവസാന വാരം ഇന്ത്യയുടെ വിദേശ നാണയ ശേഖരം 70,480 കോടി ഡോളറിലെത്തി റെക്കാഡിട്ടിരുന്നു. പിന്നീട് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് തടയിടാൻ റിസർവ് ബാങ്ക് ഡോളർ വലിയ തോതിൽ വിറ്റഴിച്ചതാണ് ശേഖരം കുറയാനിടയാക്കിയത്. പുതിയ സാഹചര്യത്തിൽ വിദേശ നാണയ ശേഖരം പുതിയ ഉയരത്തിലെത്തിയേക്കും.

സ്വർണം വാങ്ങികൂട്ടുന്നു

റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണ ശേഖരം തുടർച്ചയായി ഉയരുകയാണ്. നവംബർ 14ന് അവസാനിച്ച വാരത്തിൽ സ്വർണ ശേഖരം 532.7 കോടി ഡോളർ ഉയർന്ന് 10,685.7 കോടി ഡോളറിലെത്തി. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതോടെയാണ് റിസർവ് ബാങ്ക് സ്വർണം വാങ്ങികൂട്ടിയത്. ഡോളറിന്റെ സ്ഥിരതയിൽ ആശങ്കയേറിയതാണ് സ്വർണ ശേഖരം ഉയർത്താൻ കാരണം.

റിസർവ് ബാങ്കിന്റെ കൈവശമുള്ള സ്വർണം

890 ടൺ

വിദേശ നാണയ ശേഖരത്തിന്റെ മൂല്യം

61 ലക്ഷം കോടി രൂപ