ദേവസ്വം മന്ത്രി വി.എൻ.വാസവൻ ശബരിമലയിൽ ക്രമീകരണങ്ങൾ വിലയിരുത്തി
ശബരിമല : കോടതിയുടെ അനുമതിയോടെ ശബരിമലയിലെത്തിയ ദേവസ്വം മന്ത്രി വി.എൻ.വാസവൻ മണ്ഡലകാല തീർത്ഥാടനത്തിന്റെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി. വെള്ളിയാഴ്ച രാത്രി സന്നിധാനത്ത് നടന്ന യോഗത്തിൽ ഉദ്യോഗസ്ഥരുമായി ഒരുക്കങ്ങളെ കുറിച്ച് ചർച്ച നടത്തി. ദേവസ്വം സെക്രട്ടറി എം.ജി.രാജമാണിക്യം, ശബരിമലയുടെ സുരക്ഷ ചുമതലയുള്ള പൊലീസ് ചീഫ് കോഓർഡിനേറ്റർ എസ്.ശ്രീജിത്ത്, എ.ഡി.എം അരുൺ എസ്.നായർ, എക്സിക്യൂട്ടീവ് ഓഫീസർ ബിജു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഇന്നലെ രാവിലെ തന്ത്രിയേയും മേൽശാന്തിയേയും കണ്ട് സംസാരിച്ചു. തുടർന്ന് വലിയ നടപ്പന്തലിൽ എത്തി വരിനിൽക്കുന്ന തീർത്ഥാടകരോടും ആശയവിനിമയം നടത്തി. ഔഷധക്കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യുന്നവരോട് മന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. സന്നിധാനം ഗവ.ആശുപത്രിയും സന്ദർശിച്ചു. രോഗികളോടും ജീവനക്കാരോടും ഡോക്ടർമാരോടും ആശയവിനിമയം നടത്തി. തുടർന്ന് മന്ത്രി രക്തസമ്മർദ്ദം പരിശോധിച്ചു. ഡോളി തൊഴിലാളികളും ശുചീകരണ തൊഴിലാളികളോടും സംസാരിച്ചശേഷം പമ്പയിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കാനായി അദ്ദേഹം മലയിറങ്ങി.
ഫേസ് ബുക്കിൽ കുറിച്ച് മന്ത്രി
ശബരിമല: വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് വരും ദിവസങ്ങളിലെ തീർത്ഥാടനം സുഗമമാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ക്രമീകരിക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ. ആദ്യ ദിവസങ്ങളിലുണ്ടായ തിരക്ക് ഇപ്പോൾ നിയന്ത്രണവിധേയമാണ്. തീർത്ഥാടനകാലം ഏറ്റവും മികവുറ്റതാക്കാൻ എല്ലാവകുപ്പുകളും ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ കൂട്ടായ പരിശ്രമം നടത്തുന്നുണ്ട്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്‌പോട്ട് ബുക്കിംഗുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. തീർത്ഥാടകർ വിർച്വൽ ക്യൂവിലൂടെ തന്നെ എത്താൻ ശ്രമിക്കണം. തങ്ങൾക്ക് അനുവദിച്ച തീയതിയിലും സമയത്തും തന്നെ ദർശനം നടത്തുന്നതിന് എല്ലാവരും ശ്രദ്ധ പുലർത്തണം. ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും മറ്റു വകുപ്പുകളുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. എല്ലാവരുടെയും സഹകരണത്തോടെയും പിന്തുണയോടെയും ശബരിമല തീർത്ഥാടനം സുഗമവും കാര്യക്ഷമവുമാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലമായതിനാൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനും വാർത്താസമ്മേളനങ്ങൾ നടത്തുന്നതിനും മന്ത്രിക്ക് വിലക്കുണ്ട്.