ശബരിമലയിൽ 24 മണിക്കൂറും സുരക്ഷയൊരുക്കി ഫയർ ഫോഴ്സ്
ശബരിമല: സന്നിധാനത്ത് 24 മണിക്കൂറും ഭക്തർക്ക് സുരക്ഷയൊരുക്കുകയാണ് ഫയർ ആൻഡ് റസ്‌ക്യൂ ഫോഴ്സ്. സോപാനം, മാളികപ്പുറം, ഭസ്മക്കുളം, നടപ്പന്തൽ, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, കെ.എസ്.ഇ.ബി, കൊപ്രാക്കളം എന്നിങ്ങനെ വിവിധ സ്ഥലങ്ങളാണ് ഫയർ പോയിന്റുകളായി പ്രവർത്തിക്കുന്നത്. ഇതോടൊപ്പം അരവണ കൗണ്ടറിനടുത്ത് ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തിന്റെ പ്രധാന കൺട്രോൾ റൂമും പ്രവർത്തിക്കുന്നു. ഫയർ പോയിന്റുകളിൽ സ്ഥാപിച്ചിട്ടുള്ള ഫയർ ഹൈഡ്രന്റുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. 86 പേരടങ്ങുന്ന സംഘത്തെയാണ് മരക്കൂട്ടം മുതൽ സന്നിധാനം വരെ വിന്യസിച്ചിട്ടുള്ളത്. ഓരോ ഫയർപോയിന്റിലും ആറു മുതൽ 10 ജീവനക്കാരുടെ സേവനം ലഭ്യമാണ്.
അപകടസാധ്യത ഉള്ളിടങ്ങൾ നിരീക്ഷണത്തിൽ
സന്നിധാനത്തെ ഹോട്ടലുകൾ, അപ്പം, അരവണ കൗണ്ടർ, അരവണ പ്ലാന്റ്, ശർക്കര ഗോഡൗൺ, കൊപ്രാക്കളം, വെടിപ്പുര തുടങ്ങി അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും തീർത്ഥാടനം ആരംഭിച്ചതു മുതൽ നിരന്തരമായ ഫയർ ഓഡിറ്റിംഗ്് നടത്തി വരുന്നുണ്ടെന്ന് ജില്ലാ ഫയർ ഓഫീസർ എസ്.സൂരജ് പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ സംഘം പ്രവർത്തിക്കുന്നത്. സന്നിധാനത്ത് ഉൾപ്പടെ അടിയന്തര വൈദ്യസഹായം നൽകാൻ വകുപ്പ് പൂർണ സജ്ജമാണ്.ഓരോ പോയിന്റിലും സ്ട്രക്ചർ, സ്‌പൈൻ ബോർഡ് എന്നിവ കരുതിയിട്ടുണ്ട്. സഹായത്തിനായി 30 സിവിൽ ഡിഫൻസ് വാളണ്ടിയേഴ്സിന്റെ സേവനവുമുണ്ട്.
അത്യാധുനിക ഉപകരണങ്ങൾ
അസ്‌കാലൈറ്റ്, ഹൈഡ്രോളിക് കട്ടർ, ഡിമോളിഷിംഗ് ഹാമർ, റോപ് റസ്‌ക്യൂ കിറ്റ്, ബ്രീത്തിംഗ് അപ്പാരറ്റസ്, ചെയിൻ സോ, ഭാരം ഉയർത്തുന്നതിനുള്ള ന്യുമാറ്റിക് ബാഗ്, ജനറേറ്റർ തുടങ്ങി രക്ഷാപ്രവർത്തനത്തിനുള്ള എല്ലാവിധ ഉപകരണങ്ങളും സേനയുടെ കൈയിൽ സജ്ജമാണ്. കൂടാതെ തെർമൽ ഇമേജിംഗ് ക്യാമറ പോലുള്ള ആധുനിക ഉപകരണങ്ങളുമുണ്ടെന്ന് സ്റ്റേഷൻ ഓഫീസർ അർജുൻ.കെ.കൃഷ്ണൻ പറഞ്ഞു.
അടിയന്തിര ഘട്ടത്തിൽ
കേന്ദ്രസേനയുമായി ഏകോപനം
മരങ്ങൾ വീണുണ്ടാകുന്ന അപകടങ്ങൾ പോലുള്ള അടിയന്തരഘട്ടങ്ങളിലും അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സാഹചര്യത്തിലും സേനയുടെ നേതൃത്വത്തിൽ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ, പൊലീസ്, ദേവസ്വം ബോർഡ്എന്നിവരുമായി ചേർന്ന് പ്രവർത്തനം ഏകോപിപ്പിക്കും. ഫയർ ഫോഴ്സ് കൺട്രോൾ സെന്ററുമായി ബന്ധപ്പെടേണ്ട നമ്പർ : 04735 202033 (സന്നിധാനം), 04735 203333 (പമ്പ).