രോഗിക്ക് രക്തം നൽകി സ്ഥാനാർത്ഥി

Sunday 23 November 2025 12:13 AM IST

പന്തളം : അത്യാസന നിലയിലായ രോഗിക്ക് സ്ഥാനാർത്ഥിപത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കിടെ രക്തം നൽകി സ്ഥാനാർത്ഥി. കുളനട മെഡിക്കൽ ടെസ്റ്റ് ആശുപത്രിയിൽ വിരൽ മുറിക്കപ്പെട്ട അത്യാസന നിലയിലായിരുന്ന ഹരിപ്പാട് സ്വദേശിനിയായ രോഗിക്കായി​ പന്തളം നഗരസഭയിലെ പത്തൊമ്പതാം വാർഡിൽ കുരമ്പാല ഇടയാടി ഡിവിഷനിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർത്ഥി കിരൺ കുരമ്പാലയാണ് രക്തം നൽകിയത്. ശനിയാഴ്ച രാവിലെ പത്തിന് പന്തളം നഗരസഭ കോൺഫറൻസ് ഹാളിൽ സ്ഥാനാർത്ഥികൾ നൽകിയ പത്രികയുടെ സൂക്ഷ്മ പരിശോധനയായിരുന്നു. പത്തരയോടെ പന്തളത്തെ സുഹൃത്ത് നൽകിയ ഫോൺ നമ്പരി​ൽ രോഗിയുടെ ബന്ധു കിരൺ കുരമ്പാലയുമായി ബന്ധപ്പെടുകയായിരുന്നു. സൂക്ഷ്മ പരിശോധന നടപടികൾ സഹപ്രവർത്തകർക്ക് കൈമാറിയശേഷം പന്തളം ക്രിസ്ത്യൻ മിഷൻ ആശുപത്രിയിൽ എത്തി രക്തം നൽകി. മുമ്പും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കിരൺ കുരമ്പാല സജീവമായിരുന്നു.