ശബരിമല തീർത്ഥാടനം: തി​രക്കി​ന് പരി​ഹാരം, സ്‌പോട്ട് ബുക്കിംഗ് പരിധി 20,000

Sunday 23 November 2025 1:45 AM IST

ശബരിമല: സ്‌പോട്ട് ബുക്കിംഗിലൂടെ സന്നിധാനത്ത് ദർശനം നടത്താൻ കഴിയുന്നവരുടെ എണ്ണം അതത് ദിവസത്തെ തിരക്കിനനുസരിച്ച് നിയന്ത്രിക്കും. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറും സന്നിധാനം ചീഫ് പൊലീസ് കോ-ഓർഡിനേറ്ററും യോഗം ചേർന്നാണ് ഇക്കാര്യം തീരുമാനിക്കുക. പരമാവധി 20,000 പേർക്കു വരെയാണ് സ്‌പോട് ബുക്കിംഗിലൂടെ ദർശനത്തിന് അനുമതി. ഹൈക്കോടതി നിർദ്ദേശപ്രകാരം ഇന്നലെ ദേവസ്വം മന്ത്രി വി.എൻ.വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

ഒരോ ദിവസവും അനുവദിക്കുന്ന സ്ലോട്ടുകളുടെ എണ്ണം ശബരിമല സ്‌പെഷ്യൽ കമ്മിഷണറെ അറിയിക്കണം. ഇന്നലെ സ്‌പോട്ട് ബുക്കിംഗിലൂടെ 12,500 പേർക്കാണ് ദർശനത്തിന് അനുമതി നൽകിയത്. ഇന്നലെ രാത്രി ഏഴു വരെ 72,845 തീർത്ഥാടകർ ദർശനം നടത്തി. തിരക്ക് നിയന്ത്രിക്കാൻ പതിനെട്ടാം പടി കയറുന്നവരുടെ എണ്ണവും വർദ്ധിപ്പിച്ചു. ഒരു മിനിട്ടിൽ ശരാശരി 70 പേരാണ് പടി കയറിയിരുന്നത്. അത് 85ആയി ഉയർത്തി. പരിചയസമ്പന്നരായ കൂടുതൽ പൊലീസുകാരെ നിയോഗിച്ചാണ് പടികയറുന്നവരുടെ എണ്ണത്തിൽ വർദ്ധന വരുത്തിയത്.

കഴിഞ്ഞ 18ന് സന്നിധാനത്തുണ്ടായ അനിയന്ത്രിതമായ തീർത്ഥാടക തിരക്കിനെ തുടർന്നാണ് ഹൈക്കോടതി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വെർച്വൽ ക്യൂ ബുക്കിംഗിലൂടെ 70000പേർക്കും സ്‌പോട്ട് ബുക്കിംഗിലൂടെ 20000പേരും ഉൾപ്പടെ 90000പേർക്കാണ് നിത്യവും ദർശനത്തിന് അനുമതി നൽകിയിരുന്നത്. വെർച്വൽ ക്യൂ ബുക്കു ചെയ്തവർ സമയക്രമം പാലിക്കാതെ എത്തിയതും സ്‌പോട് ബുക്കിംഗിലൂടെ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതും പൊലീസ് നിയന്ത്രണം പാളിയതുമാണ് തിരക്കിനിടയാക്കിയത്. ഇതേ തുടർന്ന് കോടതി സ്‌പോട്ട് ബുക്കിംഗ് പരിധി 5000മായി നിജപ്പെടുത്തി. പമ്പയിലെ സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ നിറുത്തലാക്കി. നിലവിൽ നിലയ്ക്കലിൽ ഏർപ്പെടുത്തിയിരിക്കുന്ന ഏഴ് കൗണ്ടറുകൾ വഴിയാണ് വെർച്വൽ ക്യൂ ഇല്ലാതെ എത്തുന്ന തീർത്ഥാടകർക്ക് സ്‌പോട്ട് ബുക്കിംഗിലൂടെ ദർശനത്തിന് അനുമതി നൽകുന്നത്.

 നിത്യവും സംയുക്ത യോഗം ചേരണം

എല്ലാ ദിവസവും സന്നിധാനത്ത് എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് പ്രതിനിധികൾ, പൊലീസ്, ആരോഗ്യം, ഫയർഫോഴ്സ്, വനം, വാട്ടർ അതോറിട്ടി, പൊതുമരാമത്ത് എന്നിവരുടെ സംയുക്ത യോഗം ചേരണമെന്നും ചർച്ചയിൽ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നും ദേവസ്വം മന്ത്രി വി.എൻ വാസവൻ ഇന്നലെ ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ നിർദ്ദേശം നൽകി.

ശ​ബ​രി​മ​ല​യി​ൽ​ ​സു​ഗ​മ​മാ​യ​ ​തീ​ർ​ത്ഥാ​ട​ന​മാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കും.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 53.60​ ​ല​ക്ഷം​ ​തീ​ർ​ത്ഥാ​ട​ക​രാ​ണ് ​ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​ത്.​ ​ഇ​ത്ത​വ​ണ​ ​അ​തി​ൽ​ ​കൂ​ടു​ത​ൽ​ ​പേ​ർ​ ​എ​ത്തു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കു​ന്നു.​ ​ഇ​തി​ന​നു​സ​രി​ച്ചു​ള്ള​ ​കൂ​ടു​ത​ൽ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​ഒ​രു​ക്കും.​ ​ ​കാ​ന​ന​ ​പാ​ത​യി​ൽ​ ​ആ​വ​ശ്യ​മാ​യ​ ​വെ​ള്ള​വും​ ​വെ​ളി​ച്ച​വും​ ​ഒ​രു​ക്കും.​ -​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ,​ ​ദേ​വ​സ്വം​ ​മ​ന്ത്രി