അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി, മരിച്ചത് പയ്യോളി സ്വദേശിനി
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി തുറയൂർ ചൂരക്കാട് വയൽ നെടുങ്കുനി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ചന്ദ്രൻ. മകൻ: നിധിൻ.
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്.
മൂക്കിനെയും മസ്‌തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗമുണ്ടാക്കുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ അഞ്ച് മുതൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും.
2024-ൽ കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായുള്ള 38 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എട്ടുപേർ രോഗത്തിന് കീഴടങ്ങി. 2025-ലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. മാത്രമല്ല, രോഗത്തിന് പുതിയ വകഭേദങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രശ്നത്തിന്റെ ഗൗരവം വളരെയേറെ വർദ്ധിച്ചിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
രോഗാണുബാധയുണ്ടായി ഒന്ന മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങളുണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളിലേക്കും കടക്കും. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്.