ശബരിമല സ്വർണക്കൊള്ള അറസ്റ്റിന്റെ ക്രെഡിറ്റ് ഹൈക്കോടതിയ്ക്ക്: ചെന്നിത്തല
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതികളായ രണ്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ഹൈക്കോടതിക്കാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കോടതിയുടെ മേൽനോട്ടമില്ലായിരുന്നെങ്കിൽ മൂന്നോ നാലോ ചെറുകിടക്കാരെ അറസ്റ്റ് ചെയ്തു കേസ് അവസാനിച്ചേനെ. സി.പി.എമ്മിന്റെ രണ്ട് പ്രധാനപ്പെട്ട നേതാക്കൾ ശബരിമലയിൽ നിന്നു സ്വർണം മോഷ്ടിച്ച കേസിൽ ജയിലിലായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത് ദുരൂഹമാണ്. ദേവസ്വം ബോർഡ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്കാണ് കുരുക്ക് നീങ്ങുന്നത്. ദേവസ്വം മന്ത്രി വാസവനെ കൂടി ചോദ്യം ചെയ്യാതെ കാര്യങ്ങൾ വ്യക്തമാകില്ല. കോടതിയുടെ നിയന്ത്രണത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതിൽ നിന്നും സി.പി.എം പിൻമാറണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.