ആശുപത്രിയിൽ സഹാവുമായെത്തിയ കൂട്ടുകാരിക്കൊപ്പം രോഗിയും മരിച്ചു
കായംകുളം: രോഗശയ്യയിലായ വീട്ടമ്മയ്‌ക്ക് സഹായവുമായെത്തിയ കൂട്ടുകാരി മനോവിഷമം താങ്ങാനാകാതെ കുഴഞ്ഞുവീണു മരിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൂട്ടുകാരിയും വിടവാങ്ങി. കായംകുളം കൃഷ്ണപുരം കാവിന്റെ വടക്കത്തെ ഷാജഹാന്റെ ഭാര്യയും എൽ.ഐ.സി ഏജന്റുമായ ഖദീജാകുട്ടിയാണ് (49) കുഴഞ്ഞുവീണു മരിച്ചത്. ദീർഘനാളായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന കണ്ടല്ലൂർ വടക്ക് മഠത്തിൽ പടീറ്റതിൽ പരേതനായ ശ്രീകുമാറിന്റെ ഭാര്യ ശ്യാമളകുമാരിയാണ് (50) പിന്നാലെ വിടപറഞ്ഞത്.
വെള്ളിയാഴ്ച രാത്രി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. കായംകുളം എം.എസ്.എം കോളേജിൽ ഒപ്പം പഠിച്ചിരുന്നവരാണ് ചികിത്സാസഹായം സമാഹരിച്ചത്. ഖദീജാകുട്ടിയും നാലു സഹപാഠികളുമാണ് തുകയുമായി വന്നത്. വാർഡിലെത്തി ശ്യാമളയെ കണ്ടു. പണം ബന്ധുക്കൾക്ക് കൈമാറി. തിരിച്ചിറങ്ങുമ്പോഴാണ് ഖദീജ കുഴഞ്ഞുവീണത്. ഉടൻ ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് 4.30ന് മരിച്ചു. രാത്രി 8.30ന് ശ്യാമളയും മരണത്തിന് കീഴടങ്ങി.
പ്രീഡിഗ്രി പൂർവവിദ്യാർത്ഥി കൂട്ടായ്മയായ സ്നേഹതീരത്തിലെ സഹപാഠികൾക്ക് തീരാനൊമ്പരമായി ഇരുവരുടെയും വേർപാട്. ഇരുവരുടെയും സംസ്‌കാരം നടത്തി. എൽ.ഐ.സി ഏജന്റായിരുന്നു ഖദീജ. മക്കൾ: അജ്മൽ ഷാ, അമൽ ഷാ. ശ്യാമളയുടെ മക്കൾ: സൂരജ്, സിദ്ധാർത്ഥ്.