ശബരിമലക്കൊള്ള: പത്മകുമാറിന്റെ സാമ്പത്തിക രേഖകൾ പിടിച്ചെടുത്തു
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിന്റെ വീട്ടിൽ എസ്.ഐ.ടി നടത്തിയ റെയ്ഡിൽ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പിടിച്ചെടുത്തു. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും പത്മകുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിക്കുന്ന രേഖകളാണിത്. സർക്കാർ,ദേവസ്വം ബോർഡ്,ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ നടത്തിയ ഇടപാടുകളുടെ രേഖ എസ്.ഐ.ടി കണ്ടെത്തിയതായാണ് വിവരം. 2016 മുതലുള്ള പത്മകുമാറിന്റെ ആദായനികുതിയുടെ കണക്കും ലഭിച്ചിട്ടുണ്ട്.. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നാരംഭിച്ച പരിശോധന അർദ്ധ രാത്രിയോടെയാണ് അവസാനിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി വീട്ടിലെത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾ മൊഴി നൽകി. സൗഹൃദ സന്ദർശനമെന്നാണ് വിശദീകരണം. ബോർഡ് അംഗങ്ങളായ കെ.പി ശങ്കർദാസും വിജയകുമാറും പത്മകുമാർ സ്വർണത്തിന് പകരം ചെമ്പെന്ന് മാറ്റിയെഴുതിയ വിവരം അറിയില്ലെന്നാണ് മൊഴി നൽകിയത്. എല്ലാ തീരുമാനങ്ങളും ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് പത്മകുമാറിന്റെ മൊഴി. ഇതോടെ അംഗങ്ങളും കുരുക്കിലായി.നാളെ പത്മകുമാറിനെ എസ്.ഐ.ടി കസ്റ്റഡിയിൽ വാങ്ങും.