കെട്ടടങ്ങാതെ അമീബിക് മസ്തിഷ്കജ്വരം, 11മാസത്തിനിടെ 41 മരണം

Sunday 23 November 2025 12:51 AM IST

 20 ദിവസത്തിനിടെ രോഗംബാധിച്ച 17ൽ എട്ടു പേർ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 11മാസത്തിനിടെ 41 പേർ മരിച്ചു. ഇക്കാലയളവിൽ 170പേരാണ് രോഗബാധിതരായത്. ഈമാസം 17രോഗബാധിതരിൽ എട്ടു പേർ മരിച്ചതായാണ് കണക്ക്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെ.വി.വിനയയാണ്(26) ഒടുവിലെ ഇര.

മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണങ്ങൾ സംസ്ഥാനത്ത് പിടിമുറുക്കിയതോടെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പ് ആരംഭിച്ച പഠനം പുരോഗമിക്കുകയാണ്. രോഗപ്രതിരോധത്തിനുള്ള കൃത്യമായ പോംവഴികളൊന്നും ഇനിയും ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിച്ചില്ല. വെള്ളത്തിൽ നിന്നാണ് രോഗമെന്നും കുളിക്കരുതെന്നും പറയുന്നുണ്ടെങ്കിലും വർഷങ്ങായി ശരീരം തളർന്ന കിടപ്പുരോഗികൾ എങ്ങനെ രോഗബാധിച്ച് മരണപ്പെട്ടുവെന്നതിൽ കൃത്യമായ ഉത്തരമില്ല.

ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എപ്പിഡെമിയോളജി വിദഗ്ദ്ധരും ചേർന്നുള്ള പഠനത്തിൽ പരിസ്ഥിതി വിദഗ്ദ്ധർ ഉൾപ്പെട്ടിട്ടില്ല. അതിനാൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വശങ്ങൾ പഠനത്തിന്റെ ഭാഗമാകില്ലെന്ന ആക്ഷേപവുമുണ്ട്. മലപ്പുറം,കോഴികോട്,കൊല്ലം,തിരുവനന്തപുരം മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ചാണ് പഠനം. കമ്മ്യൂണിറ്റി മെഡിസിൻ, പബ്ലിക് ഹെൽത്ത് വിഭാഗങ്ങളിലുള്ളവരാണ് നേതൃത്വം നൽകുന്നത്. പഠനം പൂർത്തിയാകാൻ ആറുമാസമെങ്കിലും വേണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ വിലയിരുത്തൽ.

തിരിച്ചറിഞ്ഞില്ലെങ്കിൽ അപകടം!

പെട്ടെന്നുള്ള കടുത്ത പനി.

കഠിനമായ തലവേദന, ഛർദ്ദി.

മയക്കം

നിസാരമല്ല

ലക്ഷണങ്ങളുണ്ടെങ്കിൽ സ്വയം ചികിത്സിക്കരുത്, പനിയ്ക്കുള്ള മരുന്ന് കഴിച്ച് ദിവസം പാഴാക്കുന്നത് ഓരോ മണിക്കൂറും അപകടത്തിലേക്ക് തള്ളിവിടും.അതിവേഗമുള്ള ചികിത്സയാണ് അതിജീവനത്തിനുള്ള ഏകമാർഗം.