മുട്ടവില കുതിക്കുന്നു; ചില്ലറ വില 7.50 രൂപ

Sunday 23 November 2025 1:59 AM IST

പാലക്കാട്: രാജ്യത്തെ മുട്ട ഉത്പാദനത്തിൽ മുൻനിരയിലുള്ള നാമക്കലിൽ ചരിത്രത്തിലാദ്യമായി മുട്ടവില 6 രൂപ കടന്നു. ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉത്പാദന കേന്ദ്രമാണിത്. മുട്ടവില നിശ്ചയിക്കുന്ന നാഷണൽ എഗ് കോഓർഡിനേഷൻ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവുമുയർന്ന വിലയാണിത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നാമക്കലിൽ മുട്ടയുടെവില 5.70 രൂപയിൽ കൂടുന്നത് ഇത്തവണയാണ്. ആഭ്യന്തര വിപണി ശക്തമായതും ഉത്പാദനത്തിൽ ചെറിയ കുറവുണ്ടായതുമാണ് വില ഉയരാൻ കാരണമെന്ന് പറയുന്നു. തൊട്ടടുത്ത പ്രധാന ഉത്പാദന കേന്ദ്രങ്ങളായ ഹൈദരാബാദിൽ 6.30 രൂപയും വിജയവാഡയിൽ 6.60 രൂപയുമാണ് വില. ദക്ഷിണേന്ത്യയിൽ ഏറ്റവും കുറഞ്ഞവില നാമക്കലിലാണ്. ഇതോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നാമക്കലിൽനിന്ന് കൂടുതൽ മുട്ടവാങ്ങാൻ തുടങ്ങിയതാണ് വില ഉയരാനിടയാക്കിയത്.

ശബരിമല സീസൺ തുടങ്ങുമ്പോൾ സാധാരണ വില കുറയുകയാണ് പതിവെങ്കിലും ഇത്തവണ ദിവസവും വിലകൂടുന്ന അവസ്ഥയാണ്. ഡിസംബർ ആവുന്നതോടെ കേക്ക് നിർമ്മാണം സജീവമാകും. ഇതോടെ വില ഇനിയും കൂടും. കോഓർഡിനേഷൻ കമ്മിറ്റിയുടെ വിലവിവരപ്പട്ടിക പ്രകാരം നവംബർ ഒന്നിന് നാമക്കലിൽ മുട്ടയുടെ വില 5.40 രൂപയായിരുന്നു. തുടർന്ന്, ഓരോദിവസവും വില കൂടുകയായിരുന്നു. 15ന് 5.90 രൂപയായി. 17ന് ആറുരൂപയിലെത്തി. വ്യാഴാഴ്ച വീണ്ടും കൂടി 6.05 രൂപയായി. 2021ൽ ഇതേസയമം മുട്ടയുടെ വില 4.65 രൂപയായിരുന്നു. 2022ൽ 5.35, 2023ൽ 5.50, 2024ൽ 5.65 എന്നിങ്ങനെയായിരുന്നു വില.

 ചില്ലറവില്പന വില 7.50 രൂപ

കേരളത്തിൽ മുട്ടയുടെ ചില്ലറ വില്പനവില 7.50 രൂപയായിട്ടുണ്ട്. നാമക്കലിൽ നിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേർത്ത് മൊത്തവ്യാപാരികൾക്ക് 6.35 രൂപയ്ക്കാണ് മുട്ട കിട്ടുന്നത്. ഇവർ ചെറുകിട വ്യാപാരികൾക്ക് 6.70 രൂപയ്ക്ക് വിൽക്കും. ഇത് സാധാരണ കടകളിലെത്തുമ്പോൾ 7.50 രൂപയാവും.