അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ ഹാക്കത്തോൺ 'ഹാക്ക്ഫിനിറ്റി 2025'
അഞ്ചൽ: സെന്റ് ജോൺസ് സ്കൂളിന്റെയും ബാംഗ്ലൂർ ആസ്ഥാനമായ ഹൗ ആൻഡ് വൈ എഡ്യുക്കേഷൻ സൊല്യൂഷന്റെയും നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് ഹാക്കത്തോൺ 'ഹാക്ക്ഫിനിറ്റി 2025' സംഘടിപ്പിച്ചു. തിരുവനന്തപുരം മാർ ബസേലിയോസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ഡോ.എസ്. വിശ്വനാഥ റാവു ഹാക്കത്തോൺ ഉദ്ഘാടനം ചെയ്തു. സ്കൂൾ വൈസ് ചെയർമാൻ കെ.എം. മാത്യു, സ്കൂൾ പ്രിൻസിപ്പൽ മേരി പോത്തൻ, അക്കാഡമിക് കോ-ഓർഡിനേറ്റർ പി.ടി. ആന്റണി എന്നിവർ സംസാരിച്ചു. കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ നിന്നായി 32 ടീമുകൾ ഹാക്കത്തോണിൽ പങ്കെടുത്തു. കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ ഒന്നാം സ്ഥാനവും ആയൂർ ചെറുപുഷ്പ സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനവും തിരുവനന്തപുരം ലെക്കോൾ ചെമ്പക ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് പ്രൈസും സമ്മാനദാനവും എറണാകുളം ഓട്ടോബോണിക്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും കോ-ഫൗണ്ടറുമായ മുഹമ്മദ് അസർ നിർവഹിച്ചു. ഹാക്കത്തോണിന് അദ്ധ്യാപകരായ ദിവ്യ അശോക്, രേഷ്മ ദാസ്, വി.എസ്.അർജുൻ , റോബിൻ ബാബു, എം.ജി. ഫ്രാഞ്ചോ എന്നിവർ നേതൃത്വം നൽകി.