ശബരിമല സ്വർണക്കൊള്ള അന്വേഷണം 2025ലെ ക്രമക്കേടിലേക്ക്
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ എസ്.ഐ.ടിയുടെ അടുത്തഘട്ടം അന്വേഷണം 2025ലെ ക്രമക്കേടുകളിലേയ്ക്കും ഭരണസമിതിയിലേക്കുംഎത്തും. സ്ഥാനമൊഴിഞ്ഞ ദേവസ്വംപ്രസിഡന്റ് പി.എസ്. പ്രശാന്ത്, നിലവിലെ തിരുവാഭരണം കമ്മിഷണർ ആർ. റെജിലാൽ തുടങ്ങിയവരെ കുടുക്കിലാക്കുന്ന തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്.2019ലെ സ്വർണമോഷണം മറച്ചുവയ്ക്കാനാണ് ഈ വർഷത്തെ അറ്റകുറ്റപ്പണിയും ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാൻ തിരുവിതാകൂർ ദേവസ്വംബോർഡിൽ രഹസ്യനീക്കമുണ്ടായത്. ഇതിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും തലപ്പത്തുള്ളവരിലേക്കും എത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
40വർഷത്തെ വാറന്റി പറഞ്ഞ് 2019ൽ സ്വർണം പൂശിയെത്തിച്ച ദ്വാരപാലക ശില്പങ്ങളിലും പീഠങ്ങളിലും വൈകാതെ ചെമ്പുതെളിഞ്ഞിരുന്നു. 2024ൽത്തന്നെ അറ്റകുറ്രപ്പണി വീണ്ടും പോറ്റിയെ ഏൽപ്പിക്കാൻ നീക്കംനടന്നു. പ്രസിഡന്റ് അടക്കം ഒപ്പിട്ട ഉത്തരവുമിറങ്ങിയെങ്കിലും നടപ്പായില്ല. ഈവർഷം ജൂലായിൽ വീണ്ടും തിടുക്കത്തിൽനീക്കമുണ്ടായി. പോറ്റിയെത്തന്നെ ചുമതലപ്പെടുത്താൻ ബോർഡ് വ്യഗ്രതകാട്ടിയത് കള്ളിവെളിച്ചത്താകാതിരിക്കാനാണെന്നാണ് ഹൈക്കോടതി നിഗമനം. പ്രസിഡന്റായിരുന്ന പ്രശാന്തിന്റെ നിർദ്ദേശപ്രകാരമാണ് റെജിലാൽ നടപടികൾ വേഗത്തിലാക്കിയതെന്ന് കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. റെജിലാലിനെ ചോദ്യംചെയ്തിരുന്നു.
ശബരിമലക്കേസിൽ ശില്പങ്ങളുടെ ഒറിജിനൽ തട്ടിയെടുത്ത് പകർപ്പ്പകരംവയ്ക്കുന്ന കുറ്റമാണ് ചെയ്തതെന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്. ഈ കുറ്റം സ്ഥിരീകരിച്ചാൽ കേസിന് മറ്റൊരുമാനം കൈവരും. സ്വർണമോഷണത്തിനുപുറമേ പോറ്റിയും കൂട്ടരും ക്ഷേത്രകലാരൂപങ്ങളുടെ കള്ളക്കച്ചവടം നടത്തുന്ന രാജ്യാന്തര മാഫിയയുടെ കണ്ണിയാണെന്ന സംശയവും കോടതി ഉന്നയിച്ചിരുന്നു.
2025: തെളിവുകൾ ശക്തം
ക്ഷേത്രപരിസരത്തുവച്ച് അറ്റകുറ്റപ്പണി നടത്തണമെന്ന തന്ത്രി മഹേഷ് മോഹനരരുടെ കത്ത് അവഗണിച്ചു. 2025 സെപ്തംബർ 3ന് ശില്പങ്ങൾ പോറ്റിക്ക് കൈമാറാനുള്ള ഉത്തരവ് ബോർഡ് പുറത്തിറക്കി.
ടെൻഡർ വിളിക്കാതെ, വിദഗ്ദ്ധരുടെ റിപ്പോർട്ടില്ലാതെ അറ്റകുറ്റപ്പണി ഉണ്ണികൃഷ്ണൻ പോറ്റിയെ രഹസ്യമായി ഏൽപ്പിച്ചു.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് സാങ്കേതിക വൈദഗ്ദ്ധ്യമില്ലെന്ന് 2025 ജൂലായ് 30ന് കത്തുനൽകിയ തിരുവാഭരണം കമ്മിഷണർ നിലപാട് മാറ്റി. പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം നടപടി വേഗത്തിലാക്കുകയാണെന്ന് ആഗസ്റ്റ് 21ന് പുതിയ കത്തുനൽകി.
സ്പെഷ്യൽ കമ്മിഷണറെ അറിയിക്കാതെ സ്വർണപ്പാളികൾ ഇളക്കിമാറ്റി. ഹൈക്കോടതിയുടെ 2023ലെ ഉത്തരവും ലംഘിച്ച് പുറത്തേക്ക് കടത്തി.
ദേവസ്വംബോർഡ് മിനിട്സ് ബുക്കിലെ പേജുകൾ ജൂലായ് 28നുശേഷം ശൂന്യം. പാളികൾ കൊടുത്തുവിടാനുള്ള തീരുമാനമെടുത്തതും ഉത്തരവിറക്കിയതും അതിനുശേഷം.
കനത്ത സുരക്ഷയോടെയാണ് പാളികൾ കൊണ്ടുപോയതെന്ന് ബോർഡ് അവകാശപ്പെട്ടെങ്കിലും പീഠങ്ങൾ പോറ്റിയുടെ തിരുവനന്തപുരത്തെ സഹോദരിയുടെ വീട്ടിലെത്തിയതിൽ ദുരൂഹത.