വോട്ട് തേടുമ്പോൾ ഒരോ കവിത ജനിക്കുന്നു!
കൊല്ലം: വോട്ടുതേടി ഓരോ വീടുകളിലേക്കുമെത്തുമെങ്കിലും ചില ജീവിതങ്ങളിൽ കഥയും കവിതയും കണ്ടെത്തുകയാണ് വീണ സുനിൽ (44) എന്ന എഴുത്തുകാരി. രാത്രി വിശ്രമത്തിനിടയിലാണ് അവ എഴുതിക്കൂട്ടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലും പുനലൂർ നഗരസഭയിലെ 22-ാം നമ്പർ കക്കോട് ഡിവിഷനിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയായ വീണ കവിതയെഴുത്തിന് അവധി കൊടുത്തിട്ടില്ല. പ്രവാസിയായിരുന്ന കക്കോട് പഴവിള വീട്ടിൽ എസ്.സുനിൽകുമാറിന്റെ ഭാര്യയാണ്. ബിരുദവും ടി.ടി.സിയുമുള്ള വീണ കക്കോട് ലൈബ്രറിലെ ലൈബ്രേറിയനാണ്. മൂന്ന് കവിതാ സമാഹാരങ്ങളും ഒരു കഥാ സമാഹാരവും പ്രസിദ്ധീകരിച്ചു, ഷാർജ ഫെസ്റ്റിവലിൽ 'ഉടൽ വേരുകൾ' എന്ന കവിതാ പുസ്തകം പ്രകാശനം ചെയ്തശേഷം നാല് ദിവസം മുമ്പാണ് നാട്ടിലെത്തി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായത്. സി.പി.എം സ്ഥാനാർത്ഥിയായി കന്നിയങ്കത്തിനിറങ്ങിയപ്പോൾ കൂടുതൽ കുടുംബജീവിതങ്ങൾ നേരിട്ട് മനസിലാക്കാൻ കഴിയുന്നു, അതാെക്കെ എഴുതിനിറയ്ക്കാനും വീണാ സുനിൽ വെമ്പുകയാണ്. സാഹിത്യ വേദികളിൽ നിറസാന്നിദ്ധ്യമായ വീണയ്ക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.