ജയിച്ചിട്ട് പഠിക്കാൻ ബിനി!
കൊല്ലം: നഗരസഭ കൗൺസിലറുടെ തിരക്കിനിടയിലും പി.ബിനി (49) പഠിച്ചു, ബിരുദാനന്തര ബിരുദം സ്വന്തമാക്കി. ഇപ്പോൾ വീണ്ടും മത്സരിക്കുമ്പോൾ ലക്ഷ്യം രണ്ടാണ്, പി.എച്ച്.ഡിയും എൽ.എൽ.ബിയും സ്വന്തമാക്കണം!. ജനപ്രതിനിധിയായാൽ ഒന്നിനും സമയം കിട്ടില്ലെന്ന് പറയാറുള്ളവർക്ക് മുന്നിലാണ് ബിനി പഠിച്ച് മുന്നേറുന്നത്.
കൊട്ടാരക്കര നഗരസഭയിലെ ഗാന്ധിമുക്ക് ഡിവിഷനിൽ നിന്നാണ് ബി.ജെ.പി സ്ഥാനാർത്ഥിയായി പി.ബിനി മത്സരിക്കുന്നത്. നഗരസഭയിലെ 11-ാം നമ്പർ പടിഞ്ഞാറ്റിൻകര അങ്കണവാടിയിലെ ടീച്ചറുമാണ്. മൈത്രിനഗർ കെ.വി.എ സദനത്തിൽ പരമേശ്വരൻ ആചാരിയുടെയും പൊന്നമ്മയുടെയും മകളായ ബിനി പഠനകാലത്തുതന്നെ സ്കൂൾ ലീഡറായിരുന്നു. ഷൺമുഖൻ ആചാരിയെ വിവാഹം ചെയ്തതോടെ പൊതുപ്രവർത്തന രംഗത്തും സജീവമായി. ബി.ജെ.പി ഈസ്റ്റ് ജില്ലാ കമ്മിറ്റി അംഗമാണ്.
2020ൽ ഗാന്ധിമുക്ക് ഡിവിഷനിൽ മത്സരിപ്പിക്കാൻ ബി.ജെ.പി ബിനിയെ തീരുമാനിച്ചപ്പോൾ തന്നെ വിജയം ഉറപ്പാക്കിയിരുന്നു. ജയിച്ചശേഷം ജനകീയ വിഷയങ്ങൾ ഏറെ ഏറ്റെടുത്തു. ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ ഡിവിഷനെന്ന ഖ്യാതിയും സ്വന്തമാക്കി. 26 വർഷമായി അങ്കണവാടി ടീച്ചറായതിനാൽ കുട്ടികൾക്കും അമ്മമാർക്കുമടക്കം കൗൺസലിംഗ് വേണമെന്നറിയാം. അതാണ് ഇഗ്നോയിൽ നിന്ന് എം.എസ്.ഡബ്ല്യു ബിരുദാനന്തര ബിരുദമെടുക്കാൻ തീരുമാനിച്ചത്. ഇംഗ്ളീഷിലും സോഷ്യോളജിയിലും നേരത്തെ ബിരുദമെടുത്തിരുന്നു. ഗായികയുമാണ് ബിനി. മക്കൾ ബി.എസ്.അഭിരാമിയും ബി.എസ്.അഭിമന്യുവും വലിയ പ്രോത്സാഹനമാണ്.