പച്ചക്കറി വിലയിൽ ചാഞ്ചാട്ടം
കൊല്ലം: ഓണം കഴിഞ്ഞതോടെ അല്പം ഒന്ന് താഴ്ന്ന് നിന്ന പച്ചക്കറി വിലയിൽ കുതിപ്പ്. രണ്ടാഴ്ച മുമ്പ് 25 രൂപയായിരുന്ന വെണ്ടയ്ക്കാ വില 45 ലെത്തി. അമരയ്ക്കയുടെ വിലയും ഇരട്ടിയായി. കഴിഞ്ഞ ആഴ്ചവരെ വില കുറയുകയായിരുന്ന സവാള വില 20ൽ നിന്ന് 25 ആയി. എന്നാൽ ബീൻസ്, വഴുതനങ്ങ, പയർ, കാരറ്റ്, വെളുത്തുള്ളി, ഇഞ്ചി എന്നിവയുടെ വിലയിൽ കാര്യമായ മാറ്റമില്ല.
ഇടവിട്ടുള്ള മഴയിൽ പച്ചക്കറികൾ വ്യാപകമായി നശിച്ചതും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വരവിന്റെ കുറവുമാണ് പൊതുവിപണിയിൽ വിലവർദ്ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എത്തുന്ന പച്ചക്കറികളിൽ പകുതിയും മഴവെള്ളം വീണ് അഴുകി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് വ്യാപാരികൾ പറയുന്നു.
എല്ലാവർഷവും ഈ സമയത്ത് നേരിയ തോതിൽ പച്ചക്കറി വില കൂടാറുണ്ടെന്നും കച്ചവടക്കാർ പറയുന്നു. ഓണം കഴിഞ്ഞതോടെ പച്ചക്കറി വില കുത്തനെ ഇടിഞ്ഞെങ്കിലും വാങ്ങാൻ ആളില്ലെന്നുള്ള പരാതിയായിരുന്നു ഉണ്ടായിരുന്നത്. കോയമ്പത്തൂർ, പാവൂർ സത്രം, തിരുനെൽവേലി, മൈസൂർ, മേട്ടുപ്പാളയം, അലൻകുളം, കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പച്ചക്കറി എത്തുന്നത്.
ലഭ്യത കുറഞ്ഞു
കേരളത്തിലേക്ക് പച്ചക്കറി എത്തുന്ന സ്ഥലങ്ങളിൽ കൃഷി കുറഞ്ഞു
കലാവസ്ഥ വ്യതിയാനത്തിൽ കൃഷി വ്യാപകമായി നശിച്ചു
പച്ചക്കറി ലഭ്യത കുറഞ്ഞത് വില കൂട്ടി
വില (ഹോൾസെയിൽ, റീട്ടെയിൽ)
സവാള ₹ 25, 30
അമരയ്ക്ക ₹ 50,56
വെണ്ടയ്ക്ക ₹ 45-50
വഴുതനങ്ങ ₹ 40,47
വെള്ളരി ₹ 20 ,35
മത്തൻ ₹ 30, 35-40
മുളക് ₹ 55,60- 70
ഇഞ്ചി ₹ 60-65
തക്കാളി ₹ 30,35
ഉരുളക്കിഴങ്ങ് ₹ 40,45