എസ്.ഐ പരീക്ഷാ തട്ടിപ്പ്: സർക്കാരിന്റെ അപ്പീൽ തള്ളി

Sunday 23 November 2025 12:46 AM IST

കൊല്ലം: പി.എസ്.സി സബ് ഇൻസ്പെക്ടർ പരീക്ഷയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ഉത്തരമെഴുതിയെന്ന കേസിലെ പ്രതികളെ വിട്ടയച്ച വിചാരണ കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ കൊല്ലം ജില്ലാ കോടതി തള്ളി. 2010ൽ പി.എസ്.സി നടത്തിയ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് കൊല്ലം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നും രണ്ടും പ്രതികളായ ചവറ സ്വദേശികളെ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീലാണ് കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എൻ.വി.രാജു തള്ളിയത്. കേസിലെ പ്രധാന രേഖകൾ, സാക്ഷികളായ പി.എസ്.സി ഉദ്യോഗസ്ഥർ മുഖേന തെളിവിൽ കൊണ്ടുവരുന്നതിന് പ്രോസിക്യൂഷന് കഴിഞ്ഞില്ല. പരീക്ഷ എഴുതിയ ഒന്നാം പ്രതി ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചോയെന്ന് മാത്രമല്ല, പരീക്ഷ എഴുതിയെന്ന വസ്തുത പോലും തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനിലൂടെ തെളിവിൽ രേഖപ്പെടുത്തിയ പി.എസ്.സി രേഖകൾക്ക് നിയമസാധുതയില്ലെന്ന് കോടതി നിരീക്ഷിച്ചു. പുറത്ത് നിന്ന് ഉത്തരം പറഞ്ഞുകൊടുത്ത രണ്ടാം പ്രതിക്കെതിരെ ഒരു തെളിവ് പോലുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ വേണു.ജെ.പിള്ള, ദീപക് അനന്തൻ, വൈശാഖ് വി.നായർ എന്നിവർ കോടതിയിൽ ഹാജരായി.