അന്തർ സംസ്ഥാന അതിർത്തി സുരക്ഷാ യോഗം

Sunday 23 November 2025 12:48 AM IST

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം റൂറൽ പൊലീസും തമിഴ്നാട് തെങ്കാശി ജില്ലാ പൊലീസും ചേർന്ന് അന്തർ സംസ്ഥാന അതിർത്തി സുരക്ഷാ യോഗം ചേ‌ർന്നു. കുളത്തൂപ്പുഴ വനം മ്യൂസിയം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ റൂറൽ എസ്.പി ടി.കെ.വിഷ്ണുപ്രദീപ്, പുനലൂർ എ.എസ്.പി ഡോ. ഒ.അപർണ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി രവി സന്തോഷ്, എസ്.എസ്.ബി ഡിവൈ.എസ്.പി പി.എസ്.രാകേഷ്, തെന്മല സി.ഐ അനീഷ്, അച്ചൻകോവിൽ സി.ഐ ശ്രീകൃഷ്ണകുമാർ, പുനലൂർ റെയിൽവേ എസ്.എച്ച്.ഒ ശ്രീകുമാർ എന്നിവരാണ് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. തമിഴ്നാട്ടിൽ നിന്ന് തെങ്കാശി എസ്.പി എസ്.അരവിന്ദ്, ഡിവൈ.എസ്.പി തമിഴ് ഇനിയൻ, പുളിയറ എസ്.ഐ സെൽവൻ എന്നിവരും പങ്കെടുത്തു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആവശ്യമായ സഹകരണം തെങ്കാശി പൊലീസ് ഉറപ്പ് നൽകി.

പരിശോധന കർശനമാക്കും

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അല്ലാതെയും അനധികൃത പണം കൊണ്ടുവരുന്നതിന് തടയിടും. നിരോധിത പുകയില ഉത്പന്നങ്ങൾ, മദ്യം ഉൾപ്പടെ ലഹരി വസ്തുക്കൾ കടത്തുന്നതും തടയും. ഇരു സംസ്ഥാനങ്ങളും സംയുക്ത വാഹന പരിശോധന നടത്തും. ചെക്ക് പോസ്റ്റുകളിൽ സുരക്ഷാ പരിശോധനയ്ക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. ട്രെയിൻ മാർഗമുള്ള അനധികൃത കടത്തുകൾക്ക് റെയിൽവേ പൊലീസ് കൂടുതൽ പരിശോധന നടത്തും. അയ്യപ്പ ഭക്തരുടെ യാത്ര സുഗമമാക്കും. അന്തർ സംസ്ഥാന കുറ്റവാളികളുടെ വിവരങ്ങൾ പരസ്പരം കൈമാറും.