സ്വർണവഴിയേ വെള്ളിയും ഏപ്രിൽ ഒന്നുമുതൽ ബാങ്കുകൾ പണയമെടുക്കും
കൊച്ചി: വെള്ളിയാഭരണങ്ങളും നാണയങ്ങളും ഇനി ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും പണയം വയ്‌ക്കാം. 2026 ഏപ്രിൽ ഒന്നുമുതൽ നടപ്പാകും. റിസർവ് ബാങ്കിന്റെ പുതിയ മാനദണ്ഡങ്ങളെ തുടർന്നാണ് നടപടി.
സ്വർണം ഒരുകിലോവരേയും, സ്വർണ നാണയങ്ങൾ 50 ഗ്രാം വരെയും പണയം വയ്ക്കാം. എന്നാൽ വെള്ളി 10 കിലോവരേയും വെള്ളി നാണയങ്ങൾ അരക്കിലോ വരെയും ബാങ്കുകളിൽ ഈടുനൽകാം. മൂല്യനിർണയവും നടപടിക്രമങ്ങളും സ്വർണത്തിന്റേതിന് സമാനമായിരിക്കും.
2.5 ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് വെള്ളിയുടെ മൂല്യത്തിന്റെ 85 ശതമാനം വരെ ലഭിക്കും. 2.5 ലക്ഷം മുതൽ 5 ലക്ഷംവരെ 80 ശതമാനവും അതിനുമുകളിൽ 75 ശതമാനം വരേയും ലഭിക്കും. ഒരുവർഷത്തിനുശേഷം പലിശയടച്ച് പുതുക്കണം.
പണയ വസ്തുവാക്കുന്നതിനാൽ പുതിയ സാമ്പത്തികവർഷംമുതൽ വെള്ളിക്കും ഹാൾമാർക്കിംഗ് നിർബന്ധമാക്കുമെന്നാണ് സൂചന. വെള്ളി ഉരുപ്പടികൾവച്ച് രണ്ടുലക്ഷംരൂപ വരെയുള്ള കാർഷിക, വ്യാവസായിക വായ്പകളെടുക്കാം. ഇത് കർഷകർക്കും ഗ്രാമീണമേഖലയിലെ ചെറുകിട സംരംഭകർക്കും നേട്ടമാകും.
ഇ.വി വാഹന, സോളാർ വ്യവസായങ്ങളിലും ഡിമാൻഡ് കൂടിയതോടെ വെള്ളിവിലയും കുതിക്കുകയാണ്. വെള്ളിവായ്പകൾകൂടി വ്യാപകമാകുന്നതോടെ വിപണിയിലേക്ക് പണമൊഴുക്ക് കൂടുമെന്നും ഇതിലൂടെ പണപ്പെരുപ്പം നിയന്ത്രിക്കാമെന്നുമാണ് ആർ.ബി.ഐയുടെ കണക്കുകൂട്ടൽ. അതേസമയം വായ്പ തിരിച്ചടച്ച് ഏഴുദിവസം പിന്നിട്ടിട്ടും ഉരുപ്പടി കിട്ടിയില്ലെങ്കിൽ ഉടമയ്ക്ക് ബാങ്കുകൾ ദിവസവും 5000 രൂപവീതം നഷ്ടപരിഹാരം നൽകണമെന്നും വ്യവസ്ഥയുണ്ട്.
വെള്ളി കിലോ വില
1990 നവംബർ-6500 രൂപ 2025-1,70,000 രൂപ
രാജ്യത്തെ പ്രതിവർഷ ഉപഭോഗം
സ്വർണം-800 ടൺ വെള്ളി-4000 ടൺ
'ആർ.ബി.ഐ തീരുമാനം സ്വാഗതാർഹമാണ്. വെള്ളിയുടെ ഹാൾമാർക്കിംഗിനടക്കം സംഘടന പലനിവേദനവും നൽകിയിരുന്നു".
- അഡ്വ. എസ്. അബ്ദുൾനാസർ,
ജനറൽ സെക്രട്ടറി ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോ.