300 സ്കൂളുകളിൽ കൂടി തൊഴിൽ പരിശീലനം

Sunday 23 November 2025 1:07 AM IST

ആലപ്പുഴ: പാഠപുസ്‌തകങ്ങളിലെ വിഷയങ്ങളിൽ തൊഴിൽ പരിശീലനം കൂടി നൽകുന്ന ക്രിയേറ്റീവ് കോർണർ പദ്ധതി 300 സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. സമഗ്ര ശിക്ഷ കേരളയും (എസ്.എസ്‌.കെ) കുസാറ്റിന് കീഴിലെ സെന്റ‌ർ ഫോർ സയൻസ് ഇൻ സൊസൈറ്റിയും ചേർന്നാണ് നടപ്പാക്കുന്നത്. ഗണിതം, ശാസ്ത്രം,സാമൂഹ്യശാസ്ത്രം വിഷയങ്ങളിലാണ് പരിശീലനം.

നിലവിൽ 300 സർക്കാർ യു.പി സ്കൂളുകളിലാണ് ക്രിയേറ്റീവ് കോർണർ നടപ്പാക്കിയിട്ടുള്ളത്. പഞ്ചായത്ത് തലത്തിൽ ഒന്നും നഗരസഭ, കോർപ്പറേഷൻ പരിധിയിൽ ഒന്നിലധികം സ്കൂളുകളും ഭാഗമാകും. ഒരു സ്കൂളിൽ ക്രിയേറ്റീവ് കോർണർ ക്ലാസ് മുറി നിർമ്മിക്കുന്നതിന് 5.5 ലക്ഷം രൂപയാണ് ചെലവ്. സ്കൂളുകളിലെ പ്രവൃത്തിപരിചയ ക്ലബിനാണ് ഉത്തരവാദിത്വം. അദ്ധ്യാപകരാണ് കോ-ഓർഡിനേറ്റർമാർ. പ്രദേശിക തൊഴിൽ വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തും.

ഉപകരണം കണ്ടറിഞ്ഞ്

തൊഴിൽ പഠനം

 പാചകം, കൃഷി, വസ്ത്ര നിർമ്മാണം, പ്ലംബിംഗ്, കാർപെന്റിംഗ്, ഇലക്ട്രിക്കൽ മേഖലകളിലെ ഉപകരണങ്ങളെയും യന്ത്രങ്ങളെയും നേരിട്ട് മനസിലാക്കി കുട്ടികൾ ഉത്പന്നങ്ങൾ നിർമ്മിക്കും

 സർഗാത്മകത പ്രദർശിപ്പിക്കാനുള്ള അവസരം. പുത്തൻ ആശയങ്ങളെ പ്രോത്സാഹിപ്പിക്കും. പദ്ധതിയുള്ള സ്കൂളുകളിൽ മറ്റ് സ്കൂളുകളിലെ കുട്ടികൾക്ക് പഠിക്കാൻ അവസരമൊരുക്കും

പുതുതായി

നടപ്പാക്കുന്നവ

(ജില്ല, എണ്ണം)

തിരുവനന്തപുരം-21

കൊല്ലം-20

പത്തനംതിട്ട-7

ആലപ്പുഴ-23

കോട്ടയം-21

ഇടുക്കി-18

എറണാകുളം-22

തൃശൂർ- 25

പാലക്കാട്-21

മലപ്പുറം-35

കോഴിക്കോട്-31

വയനാട്-17

കണ്ണൂർ-18

കാസർകോട്- 21