ട്രാൻസ് വുമൺ സ്ഥാനാർത്ഥികളുടെ പത്രിക അംഗീകരിച്ചു
പോത്തൻകോട് /ആലപ്പുഴ : തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിൽ ട്രാൻസ് വുമൺ അമേയ പ്രസാദിനും ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലെ വനിതാസംവരണ സീറ്റിൽ ട്രാൻസ് വുമൺ അരുണിമയ്ക്കും വനിതാ സംവരണ സീറ്റിൽ മത്സരിക്കാമെന്ന് സ്ഥിരീകരണം. ഇരുവരും യു.ഡി.എഫ് സ്ഥാനാർത്ഥികളാണ്. രേഖകൾ പ്രകാരം വനിതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേയയുടെ നാമനിർദേശ പത്രിക അംഗീകരിച്ചത്. ട്രാൻസ് വുമണായ അമേയയുടെ വോട്ടർപട്ടികയിൽ ട്രാൻസ്ജെന്റർ എന്ന് രേഖപ്പെടുത്തിയതാണ് ആശങ്കയുണ്ടാക്കിയത്. അമേയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ വരണാധികാരിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അരുണിമയുടെ തിരിച്ചറിയൽ രേഖകളിലും വോട്ടേഴ്സ് ലിസ്റ്റിലും സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.