ഹർജിക്കാരായ സ്ഥാനാർത്ഥികൾക്ക് തല്ലും തലോടലും
കൊച്ചി: വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയിട്ടും ഹൈക്കോടതിയുടെ ഇടപെടലിൽ സ്ഥാനാർത്ഥിയാകാൻ അവസരം ലഭിച്ചത് നിരവധി പേർക്ക്. എന്നാൽ പട്ടികയിൽ പേര് ചേർക്കുന്ന കാര്യത്തിൽ ഉഴപ്പുകയും സ്ഥാനാർത്ഥിയാകാൻ അനുമതി തേടുകയും ചെയ്ത ഹർജിക്കാരെ കോടതി ഉപദേശിച്ച് മടക്കി.
തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട ഡിവിഷനിലെ സ്ഥാനാർത്ഥിയായി യു.ഡി.എഫ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിന്റെ ഹർജിയിൽ അനുകൂല ഉത്തരവുണ്ടായതോടെയാണ് വോട്ടർ പട്ടികയിൽ പേരില്ലാത്ത മറ്റ് സ്ഥാനാർത്ഥികളും കോടതിയിലെത്തിയത്. എറണാകുളം വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ താമസക്കാരിയായ പി. ഡേവിസ് മെയ്‌മോൾക്ക് അനുകൂല ഉത്തരവ് ലഭിച്ചെങ്കിലും സമയം വൈകിയതിനാൽ സ്ഥാനാർത്ഥിയാകാനുള്ള അവസരം നഷ്ടമായി. കഴിഞ്ഞ ഓഗസ്റ്റ് 13 വരെ പഞ്ചായത്തിലെ വോട്ടർപട്ടികയിൽ തന്റെ പേരുണ്ടായിരുന്നുവെന്നും പിന്നീട് നീക്കം ചെയ്‌തെന്നുമുള്ള വാദം കണക്കിലെടുത്താണ് മെയ്‌മോൾക്ക് അനുകൂലമായി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. ഇതിനെത്തുടർന്ന് വെള്ളിയാഴ്ച വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെടുത്തിയെങ്കിലും സമയം വൈകിയതിനാൽ സ്ഥാനാർത്ഥിയാകാനുള്ള അവസരം നഷ്ടമായി.
ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ സ്ഥാനാർത്ഥിയായ ഗൗരി പാർവതി രാജും ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെട്ടത്.
വൈഷ്ണയുടെ കേസിനു ശേഷം ഇരുപതോളം കേസുകളാണ് വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലെന്നതിന്റെ പേരിൽ എത്തിയത്. ഇതിൽ കോഴിക്കോട് കോർപ്പറേഷനിൽ മത്സരിക്കാൻ തീരുമാനിച്ച സംവിധായകൻ വി.എം. വിനുവിന്റെ ഹർജിയും ഉണ്ടായിരുന്നു. വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കാതെ എത്തിയ വിനുവിന്റെ ഹർജി തള്ളിയ ഹൈക്കോടതി, സ്വന്തംപേര് വോട്ടർ പട്ടികയിലുണ്ടെന്ന് ഉറപ്പാക്കാനുള്ള ജാഗ്രതയെങ്കിലും വേണമെന്ന് അഭിപ്രായപ്പെട്ടു. പത്രം വായിക്കാത്തതു കൊണ്ടാണ് വിവരങ്ങൾ യഥാസമയം അറിയാത്തതെന്ന വിമർശനവുമുണ്ടായി.
മുമ്പ് മത്സരിച്ചപ്പോൾ ചെലവഴിച്ച തുകയുടെ കണക്ക് നൽകാത്തതിന്റെ പേരിൽ അയോഗ്യത കൽപിച്ചെന്ന പരാതിയുമായെത്തിയ സ്ഥാനാർത്ഥിക്കും ആശ്വാസ വിധി ലഭിച്ചു. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിൽ മത്സരിക്കാൻ തീരുമാനിച്ച ഡി.വൈ.എഫ്.ഐ നേതാവ് ഷഹീർ അലിക്കാണിത്. ഹർജിക്കാരനെ അയോഗ്യനാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് സ്റ്റേ ചെയ്തു.. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കമ്മിഷന്റെ തീരുമാനമെന്ന് വിലയിരുത്തിയാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.