പ്രായത്തട്ടിപ്പ്: ദേശീയ സ്‌കൂൾ മീറ്റിനുള്ള ടീമിൽ നിന്ന്‌ 2 പേരെ ഒഴിവാക്കി

Sunday 23 November 2025 4:22 AM IST

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായിക മേളയിലെ സ്വർണം നേടിയ രണ്ടു താരങ്ങളെ കൂടി പ്രായത്തട്ടിപ്പിന്റെ പേരിൽ ദേശീയ സ്‌കൂൾ മീറ്റിനുള്ള കേരള ക്യാമ്പിൽ നിന്ന്‌ ഒഴിവാക്കി. സീനിയർ ആൺകുട്ടികളുടെ റിലേയിൽ റെക്കാഡ് നേട്ടത്തോടെ ഒന്നാമതെത്തിയ മലപ്പുറം ജില്ലാ ടീമിലെ അംഗമായിരുന്ന തിരുനാവായ നാവാമുകുന്ദ എച്ച്‌.എസ്‌.എസിലെ പ്രേം ഓജ സബ്‌ജൂനിയർ ആൺകുട്ടികളുടെ 100, 200 മീറ്റർ ഓട്ടത്തിലും സ്വർണം നേടിയ കോഴിക്കോട് പുല്ലൂരാംപാറ സെന്റ്‌ ജോസഫ്‌സ് എച്ച്‌എസ്‌എസിലെ സഞ്ജയ്‌ എന്നിവരെയാണ്‌ ഒഴിവാക്കിയത്‌. രണ്ടു പേരും ഉത്തർപ്രദേശ്‌ സ്വദേശികളാണ്‌. ഇരുവരും ക്യാമ്പിൽ പങ്കെടുക്കുന്നില്ല എന്ന്‌ അറിയിച്ചിരുന്നു. ഇവർ സ്‌കൂളുകളിൽ സമർപ്പിച്ചിരുന്ന ആധാർ കാർഡ്‌ പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെയാണ്‌ പ്രായത്തട്ടിപ്പ്‌ പുറത്തായത്‌. സ്‌കൂളുകളും പ്രായത്തിൽ സംശയം ഉണ്ടെന്ന്‌ അറിയിച്ചിരുന്നു. ഇരുവർക്കുമെതിരെ വിദ്യാഭ്യാസ വകുപ്പ്‌ അന്വേഷണം നടത്തി തുടർനടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

തിരുവനന്തപുരം വേദിയായ സ്‌കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ 100, 200 മീറ്റർ മത്സരങ്ങളിൽ വെള്ളി മെഡൽ നേടിയ പുല്ലൂരാംപാറ സ്കൂൾ വിദ്യാർഥി ജ്യോതി ഉപാധ്യായയെ പ്രായത്തട്ടിപ്പിന്റെ പേരിൽ സ്‌കൂൾ കായിക മേളയിൽ നിന്ന്‌ നേരത്തേ വിലക്കിയിരുന്നു. ജ്യോതിയും ഉത്തർപ്രദേശ്‌ സ്വദേശിയാണ്‌.