അവസാനം തിരിച്ചു

Sunday 23 November 2025 4:24 AM IST

ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാന സെക്ഷനിൽ തകർപ്പൻ പ്രകടനം പറത്തെടുത്ത ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ മേൽക്കൈ നേടി. ഗോഹട്ടിയിൽ ആദ്യദിനം വെളിച്ചക്കുറവ് ്മൂലം നേരത്തേ കളി നിറുത്തുമ്പോൾ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സിൽ 247/6 എന്ന നിലയിലാണ്. 25 റൺസുമായി സെനുറാൻ മുത്തുസ്വാമിയും 1 റണ്ണെടുത്ത് കെയ്ൽ വെരെയെന്നെയുമാണ് ക്രീസിൽ. രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലാണ്.

കൊള്ളാം കുൽദീപ്

മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് യാദവാണ് ഇന്ത്യൻ ബൗളർ‌മാരിൽ ഇന്നലെ മികച്ച പ്രകടനം പുറത്തെടുത്ത്. ജസ്‌പ്രീത് ബുംറ,മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ഗില്ലില്ല, പന്ത് നായകൻ

ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യൻ ക്യാപ്‌ടൻ ശുഭ്‌മാൻ ഗിൽ രണ്ടാം മത്സരത്തിൽ കളിക്കുന്നില്ല. ഗില്ലിനും അക്ഷർ പട്ടേലിനും പകരം സായ് സുദർശനും നിതീഷ് കുമാർ റെഡ്ഡിയും ടീമിൽ ഇടം നേടി. ഗില്ലിന്റെ അഭാവത്തിൽ റിഷഭ് പന്താണ് ഇന്ത്യയുടെ ക്യാപ്ടൻ. ദക്ഷണാഫ്രിക്കൻ ടീമിൽ കോർബിൻ ബോഷിന് പകരം മുത്തുസ്വാമി എത്തി. പന്തെത്തിയിട്ടും പക്ഷേ ഇന്ത്യയ്ക്ക് ടോസ് ലഭിച്ചില്ല. അവസാനം കളിച്ച 9 ടെസ്റ്റുകളിൽ എട്ടാം തവണയാണ് ഇന്ത്യയ്ക്ക് ടോസ് നഷ്ടമായത്.

പൊരുതി

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരയ എയ്ഡൻ മർക്രവും (38), റയാൻ റിക്കൽറ്റണും (35) 85 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി നല്ല തുടക്കം നൽകി.മർക്രത്തെ പുറത്താക്കി ബുംറ ഇന്ത്യയക്ക് ആദ്യ ബ്രേക്ക് ത്രൂനൽകി. അടുത്ത ഓവറിൽ ഇതേ ടീം സ്കോറിൽ തന്നെ കുൽദീപ് റിക്കൽറ്റണെയും പുറത്താക്കി. പിന്നീട് ക്രീസിൽ ഒന്നിച്ച ക്യാപ്ടൻ ടെംബ ബവുമയും (41), ട്രിസ്റ്റൻ സ്റ്റബ്‌സും(49) സന്ദർശകരെ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോയി. ടീം സ്കോർ 166ൽ വച്ച് ജഡേജ ബവുമയെ പുറത്താക്കിയതോടെ ഇന്ത്യ കളിയുടെ കടിഞ്ഞാൺ കൈയിലെടുത്തു. അധികം വൈകാതെ സ്റ്റബ്സ്, മുൾഡർ(13),ഡി സോർസി (28) എന്നിവരും വീണു. അവസാന സെക്ഷനിൽ 4 വിക്കറ്റുകളാണ് ഇന്ത്യ നേടിയത്.