സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട് മുന്നറിയിപ്പ്

Sunday 23 November 2025 7:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കാണ് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കന്യാകുമാരി കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അനുഭവപ്പെടുന്നു. മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24 ഓടെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദ്ദമായി ഇത് ശക്തിപ്പെടാൻ സാദ്ധ്യതയുണ്ട്.

തുടർന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതചുഴിസ്ഥിതി ചെയ്യുന്നു. ഇക്കാരങ്ങളാൽ കേരളത്തിൽ നവംബർ 26 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 24 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.