ഒരാഴ്‌ചയ്ക്കിടെ രണ്ട് ശസ്‌ത്രക്രിയ; വീട്ടമ്മയുടെ മരണത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ
പത്തനംതിട്ട: ഒരാഴ്‌ചയ്ക്കിടെ രണ്ട് ശസ്‌ത്രക്രിയയ്ക്ക് വിധേയായ വീട്ടമ്മ മരിച്ചതിൽ ചികിത്സാപ്പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ. പത്തനംതിട്ട കോഴഞ്ചേരിയിലാണ് സംഭവം. ആങ്ങമൂഴി കലപ്പമണ്ണിൽ മായ (58) ആണ് മരിച്ചത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്.
ഗർഭാശയ ശസ്‌ത്രക്രിയയ്ക്കായി കഴിഞ്ഞയാഴ്‌ചയാണ് മായയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൾക്കൊപ്പം നടന്നാണ് ആശുപത്രിയിലേയ്ക്ക് വന്നതെന്ന് ബന്ധുക്കൾ പറയുന്നു. ചികിത്സയിലിരിക്കെ ഗർഭാശയം നീക്കം ചെയ്തു. ഇതിനുശേഷം മായയുടെ വയർ വീർത്തുവരികയും കടുത്ത പനിയുണ്ടാവുകയും ചെയ്തു. തുടർന്ന് സ്‌കാനിംഗ് ചെയ്യണമെന്ന് ഡോക്‌ടർമാർ ആവശ്യപ്പെട്ടു. സ്‌കാനിംഗിൽ കുടലിന്റെ ഭാഗത്ത് ഒരു ദ്വാരമുള്ളതായി കണ്ടെത്തിയെന്ന് ബന്ധുക്കൾ പറയുന്നു.
പിന്നാലെ വീണ്ടും ശസ്‌ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയും ഇന്നലെ വീണ്ടും ശസ്‌ത്രക്രിയ നടത്തുകയും ചെയ്തു. ശേഷം വെന്റിലേറ്ററിലേക്ക് മാറ്റിയ മായ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ചികിത്സാപ്പിഴവ് മൂലമാണ് രണ്ടാമത് ശസ്‌ത്രക്രിയ നടത്തേണ്ടി വന്നതെന്നും ഇതാണ് മായയുടെ മരണത്തിനിടയാക്കിയതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ ആദ്യ ശസ്‌ത്രക്രിയയ്ക്ക് ശേഷം സങ്കീർണതകൾ ഉണ്ടായിരുന്നുവെന്നും അതിനാലാണ് രണ്ടാമത് ശസ്‌ത്രക്രിയ നടത്തിയതെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. ബന്ധുക്കളുടെ അനുമതി വാങ്ങിയിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു.