107 കോടി ഡോളർ പിഴയൊടുക്കണം, ബൈജൂസിന് പുതിയ കുരുക്ക്; നിർണായക വിധിയുമായി കോടതി

Sunday 23 November 2025 10:18 AM IST

വാഷിംഗ്ടൺ: ബൈജൂസിന്റെ യുഎസ് ധനകാര്യ വിഭാഗമായ ആൽഫയും അമേരിക്കയിലെ ഗ്ലാസ് ട്രെസ്റ്റ് കമ്പനിയും തമ്മിലുള്ള കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് യുഎസ് കോടതി. കേസിൽ കമ്പനിയുടെ സ്ഥാപകനായ ബൈജു രവീന്ദ്രൻ 107 കോടി ഡോളർ ഗ്ലാസ് ട്രെസ്റ്റിന് നൽകാൻ ബാദ്ധ്യസ്ഥമാണെന്ന് കോടതി ഉത്തരവിൽ പറയുന്നു. രേഖകൾ ഹാജരാക്കാനുള്ള നിർദ്ദേശങ്ങൾ രവീന്ദ്രൻ ആവർത്തിച്ച് പാലിക്കാത്തതിനെ തുടർന്ന്, നവംബർ 20 ന് ഡെലവെയർ കോടതിയിലെ ജഡ്ജി ബ്രെൻഡൻ ഷാനൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

യുഎസ് ആസ്ഥാനമായുള്ള വായ്പാ സ്ഥാപനങ്ങളിൽ നിന്ന് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എടുത്ത 100 കോടി ഡോളർ വായ്പയുടെ നിബന്ധനകൾ ലംഘിച്ചെന്ന് ആരോപിച്ചാണ് ഗ്ലാസ് ട്രസ്റ്റ് കേസ് നൽകിയത്. ഇതിൽ, 53.3 കോടി ഡോളർ വായ്പത്തുക അനധികൃതമായി അമേരിക്കയ്ക്കുപുറത്തേക്ക് കടത്തിയെന്നാണ് പ്രധാന ആരോപണം. തുടർന്ന് ഗ്ലാസ് ട്രസ്റ്റ് ഡെലാവേർ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടുകയും ചെയ്തു.

എന്നാൽ, ഈ ഉത്തരവിനെക്കുറിച്ച് അറിഞ്ഞിട്ടും ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രൻ അവഗണിച്ചതായി കണ്ടെത്തി. ഇതോടെ ബൈജു രവീന്ദ്രൻ 107 കോടി ഡോളർ നൽകാൻ ബാധ്യസ്ഥനാണെന്ന് വ്യാഴാഴ്ച കോടതി ഉത്തരവിടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബൈജു രവീന്ദ്രനെതിരെ കോടതിയലക്ഷ്യ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കോടതി നടപടികളിൽ പങ്കെടുക്കാതിരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്താൽ വിചാരണ കൂടാതെ കോടതിക്ക് നടപടികൾ സ്വീകരിക്കാമെന്നാണ് നിയമം.

എന്നാൽ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ബൈജു രവീന്ദ്രൻ അറിയിച്ചു. കേസിൽ തന്റെ വാദം രേഖപ്പെടുക്കാൻ ആവശ്യമായ സമയം ലഭിച്ചില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഗ്ലാസ് ട്രെസ്റ്റ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ബൈജു കുറ്റപ്പെടുത്തി.