ശബരിമല സ്വർണക്കൊള്ള; പത്മകുമാറിന്റെ പാസ്‌പോർട്ട് പിടിച്ചെടുത്തു, വിദേശയാത്രകളിലും അന്വേഷണം

Sunday 23 November 2025 10:47 AM IST

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ പാസ്‌പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പിടിച്ചെടുത്തു. പത്മകുമാറിന്റെ വിദേശയാത്രകളിലും അന്വേഷണം നടത്താനാണ് എസ്ഐടി ഒരുങ്ങുന്നത്. യാത്രാ ലക്ഷ്യം, കൂടിക്കാഴ്ചകൾ എന്നിവ അന്വേഷിക്കും.

ഇന്നലെ പത്മകുമാറിന്റെ വീട്ടിൽ എസ്ഐടി നടത്തിയ റെയ്ഡിൽ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പിടിച്ചെടുത്തിരുന്നു. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും പത്മകുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിക്കുന്ന രേഖകളാണിത്. സർക്കാർ,ദേവസ്വം ബോർഡ്,ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ നടത്തിയ ഇടപാടുകളുടെ രേഖ എസ്ഐടി കണ്ടെത്തിയതായാണ് വിവരം. 2016 മുതലുള്ള പത്മകുമാറിന്റെ ആദായനികുതിയുടെ കണക്കും ലഭിച്ചിട്ടുണ്ട്.. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നാരംഭിച്ച പരിശോധന അർദ്ധ രാത്രിയോടെയാണ് അവസാനിച്ചത്.

ഉണ്ണികൃഷ്ണൻ പോറ്റി വീട്ടിലെത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾ മൊഴി നൽകി. സൗഹൃദ സന്ദർശനമെന്നാണ് വിശദീകരണം. ബോർഡ് അംഗങ്ങളായ കെ.പി ശങ്കർദാസും വിജയകുമാറും പത്മകുമാർ സ്വർണത്തിന് പകരം ചെമ്പെന്ന് മാറ്റിയെഴുതിയ വിവരം അറിയില്ലെന്നാണ് മൊഴി നൽകിയത്. എല്ലാ തീരുമാനങ്ങളും ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് പത്മകുമാറിന്റെ മൊഴി. ഇതോടെ അംഗങ്ങളും കുരുക്കിലായി.നാളെ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ അടുത്തഘട്ട അന്വേഷണം 2025ലെ ക്രമക്കേടുകളിലേയ്ക്കും ഭരണസമിതിയിലേക്കും എത്തും. സ്ഥാനമൊഴിഞ്ഞ ദേവസ്വംപ്രസിഡന്റ് പി.എസ്. പ്രശാന്ത്, നിലവിലെ തിരുവാഭരണം കമ്മിഷണർ ആർ. റെജിലാൽ തുടങ്ങിയവരെ കുടുക്കിലാക്കുന്ന തെളിവുകൾ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.2019ലെ സ്വർണമോഷണം മറച്ചുവയ്ക്കാനാണ് ഈ വർഷത്തെ അറ്റകുറ്റപ്പണിയും ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാൻ തിരുവിതാകൂ‌ർ ദേവസ്വംബോർഡിൽ രഹസ്യനീക്കമുണ്ടായത്. ഇതിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും തലപ്പത്തുള്ളവരിലേക്കും എത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.