ശബരിമല സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാർ; മുഖ്യമന്ത്രിക്ക് കഴിയില്ലെങ്കിൽ മോദിയോട് പറയാമെന്ന് രാജീവ് ചന്ദ്രശേഖർ

Sunday 23 November 2025 12:04 PM IST

പത്തനംതിട്ട: ശബരിമലയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയെയും അവിടെയെത്തുന്ന വിശ്വാസികളെയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി അത് പറയണം. അക്കാര്യം നരേന്ദ്ര മോദിയോട് പറയാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്നലെ പത്തനംതിട്ടയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാഷ്‌ട്രീയ നേതൃത്വമാണ്. പിണറായി വിജയൻ സർക്കാരിന്റെ അറിവില്ലാതെ ഒന്നും നടക്കില്ല. കേരളത്തിലെ മന്ത്രിമാർക്കും പങ്കുണ്ട്. രാഷ്ട്രീയ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നത്. ഗുരുതര വീഴ്‌ചയുണ്ടായെന്ന് ഏതൊരു സാധാരണക്കാരനും മനസിലാകും. ഇക്കാര്യം കേന്ദ്ര ഏജൻസി അന്വേഷിക്കണം.

30 വ‌ർഷത്തെ ഓഡിറ്റ് റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും പരിശോധിക്കണം. സംസ്ഥാന സർക്കാരിന് കൊള്ള നടത്താൻ മാത്രമേ ആഗ്രഹമുള്ളൂ. ആരെയും ഒളിപ്പിക്കാൻ സർക്കാർ ശ്രമിക്കരുത്. ആരുടെയെങ്കിലും വീട്ടിൽ കയറി സ്വർണം എടുത്താലത് വീഴ്‌ചയാണോ കളവാണോയെന്ന് തർക്കിക്കേണ്ടതില്ല. സിപിഎം ചെയ്‌താൽ അത് വീഴ്ച, മറ്റുള്ളവർ ചെയ്‌താൽ അത് കളവ് എന്നതാണ് അവരുടെ സമീപനം. അത് ഇനി നടക്കില്ല'- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.