100 രൂപയിൽ നിന്ന് 300 രൂപയിലേക്ക്, ഇനി അങ്ങോട്ടുള്ള മാസങ്ങളിൽ മലയാളികൾ സൂക്ഷിച്ച് ചെലവാക്കണം
കോഴിക്കോട്: മണ്ഡലകാലം ആരംഭിച്ചതോടെ പച്ചക്കറി വിലയിൽ വൻ കുതിപ്പ്. ഒരാഴ്ചയ്ക്കിടെ പല ഇനങ്ങൾക്കും കിലോയ്ക്ക് 10 മുതൽ 20 രൂപ വരെയാണ് വില ഉയർന്നത്. മുരിങ്ങക്കായയ്ക്കും തക്കാളിക്കുമാണ് തീ വില. രണ്ടാഴ്ച മുമ്പു വരെ കിലോയ്ക്ക് 100-120 രൂപയായിരുന്ന മുരിങ്ങക്കായ 200-250 രൂപയ്ക്കാണ് പാളയത്തെ മൊത്തവ്യാപാര കേന്ദ്രത്തിലെത്തുന്നത്.ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ 300 കടക്കും.
തക്കാളിയ്ക്ക് 50-60 രൂപയായി. നാട്ടിൻപുറത്തെ കടകളിൽ 70-80 രൂപയ്ക്കാണ് വിൽക്കുന്നത്. വെണ്ട, കയ്പ, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച കിലോ 50ന് ലഭിച്ചിരുന്ന വെണ്ടയ്ക്ക് 75-80 ആയി. കയ്പയുടെ വില ഒറ്റയടിക്ക് 35ൽ നിന്ന് 45 രൂപയായി.
അതേസമയം ഉള്ളി, ചേന, ചേമ്പ്, എളവൻ, വെള്ളരി എന്നിവയുടെ വിലയിൽ വർദ്ധന ഉണ്ടായിട്ടില്ല. ശബരിമല സീസണിന് പുറമേ മഴയെ തുടർന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി ലോഡ് കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. പല ഇനങ്ങളും കിട്ടാനില്ലെന്നാണ് പാളയത്തെ കച്ചവടക്കാർ പറയുന്നത്. കഴിഞ്ഞ മാസം മഴയെ തുടർന്ന് പച്ചക്കറികൾക്ക് വില കൂടിയിരുന്നു. ശബരിമല സീസണായതിനാൽ വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
പച്ചക്കറി വില- ബ്രാക്കറ്റിൽ ഒരുമാസം മുമ്പ് ( പാളയത്തെ മൊത്തവ്യാപാരകേന്ദ്രം)
മുരിങ്ങ....... ... 200- 250 (100- 120)
വെണ്ട.............70- 65 (40- 30)
കയ്പ.................40-50 ( 30- 35)
തക്കാളി........50-60 (20-15)
പച്ചമുളക്......45 (35)
ചെറിയ ഉള്ളി.....60 (46)
ബീറ്റ്റൂട്ട്........60 ( 35)
കാരറ്റ് ........48 (45)
വഴുതിന......40 (35)
കാബേജ്........23 (15)
പയർ....30..... (25)
'മഴ പെയ്തതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി ലോഡ് കുറഞ്ഞതും ശബരിമല സീസണും വിലക്കയറ്റത്തിന് ഇടയാക്കി. പല പച്ചക്കറികളും മാർക്കറ്റിൽ കിട്ടാത്ത സ്ഥിതിയുണ്ട് '- ധനേഷ്-പാളയത്തെ വ്യാപാരി