ഭാര്യയുടെ പ്രസവത്തിന് ഒപ്പം നിൽക്കാൻ അവധി ചോദിച്ചു; 'ആശുപത്രിയിലിരുന്ന് ജോലി ചെയ്യൂ' എന്ന് മാനേജർ

Sunday 23 November 2025 12:22 PM IST

ഭാര്യയുടെ പ്രസവത്തിന് ഒപ്പം നിൽക്കാൻ അവധി ചോദിച്ചപ്പോൾ ആശുപത്രിയിലിരുന്ന് ജോലി ചെയ്യാൻ കഴിയുമോയെന്ന് മാനേജർ. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ മാനേ‌ജർക്കെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്. റെഡ്ഡിറ്റിൽ യുവാവ് പങ്കുവച്ച കുറിപ്പാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തന്റെ ആദ്യ കുഞ്ഞിന്റെ പ്രസവത്തിനായി ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇക്കാര്യം മുൻകൂട്ടി അറിയിച്ചിട്ടും രണ്ട് ദിവസത്തെ അവധി നൽകാൻ മാനേജർ വിസമ്മതിച്ചെന്നും യുവാവ് പറയുന്നു.

'ഇന്ത്യൻ വർക്ക് പ്ലെയ്‌സ്' എന്ന റെഡ്ഡിറ്റ് കമ്മ്യൂണിറ്റിയിലാണ് യുവാവ് തന്റെ ദുരനുഭവം പങ്കുവച്ചത്. ആളെ തിരിച്ചറിയാതിരിക്കാൻ വ്യാജ പേരിലുള്ള അക്കൗണ്ടിലാണ് താൻ പോസ്റ്റ് കുറിച്ചതെന്നും യുവാവ് വ്യക്തമാക്കി. ഭാര്യ പ്രസവത്തിനായി ആശുപത്രിയിലായ കാര്യം അറിയിച്ചപ്പോൾ അവധി വൈകിപ്പിക്കാൻ മാനേജർ ആവശ്യപ്പെടുകയായിരുന്നു.

മാതാപിതാക്കൾ ആശുപത്രിയിലില്ലേ കാര്യങ്ങൾ അവർ നോക്കിക്കോളുമെന്നും അവിടെയിരുന്ന് ജോലി ചെയ്യണമെന്നും മാനേജർ നിർദ്ദേശിച്ചു. എന്നാൽ ഭാര്യയ്ക്കും തന്റെ നവജാത ശിശുവിനും ശ്രദ്ധ നൽകേണ്ട സമയത്ത് എങ്ങനെയാണ് ആശുപത്രിയിലിരുന്ന് ലാപ്ടോപ്പുമായി ജോലി ചെയ്യാൻ കഴിയുകയെന്നാണ് യുവാവ് ചോദിക്കുന്നത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകളും ജോലി നഷ്ടപ്പെടുമോ എന്നുള്ള ഭയവും കാരണം കൂടുതൽ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും യുവാവ് കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകളും യുവാവ് പങ്കുവച്ചു.

യുവാവിന്റെ സ്ക്രീൻ ഷോട്ട് കണ്ടതോടെ മാനേജർക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉപയോക്താക്കളിൽ നിന്നും ഉയർന്നത്. കുടുംബത്തിന് തന്നെയാണ് മുൻഗണന നൽകേണ്ടതെന്ന് പലരും യുവാവിനെ ഉപദേശിച്ചു. ജോലി എപ്പോഴും കാണും, മാനേജരെ അവഗണിച്ച് കുടുംബത്തോടൊപ്പം തന്നെയാണ് നിൽക്കേണ്ടതെന്ന് ഒരാൾ കുറിച്ചു. മാനേജർ ഒരു മാനസിക രോഗിയാണ്. എല്ലാവരും ഇങ്ങനെയല്ല. അവധിയെടുത്ത ശേഷം കമ്പനിയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുക. അനുവാദം ചോദിക്കാതെ അറിയിപ്പ് മാത്രം നൽകിയാൽ മതിയെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.

അടുത്തിടെ, ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, കിടക്കയിൽ കിടന്നുകൊണ്ട് ജോലി ചെയ്യാൻ സാധിക്കുമോ എന്ന് മാനേജർ ചോദിച്ചതിനെക്കുറിച്ചുള്ള ദുരനുഭവം മറ്റൊരു യുവാവ് റെഡ്ഡിറ്റിൽ പങ്കുവെക്കുകയുണ്ടായി.