കാട്ടുപന്നി ഇടിച്ച് അപകടം; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രെെവർ മരിച്ചു

Sunday 23 November 2025 12:29 PM IST

തിരുവനന്തപുരം: കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രെെവർ മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി തെങ്ങും കോട് വി പി സദനത്തിൽ അഖിൽ രാജ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.15നായിരുന്നു അപകടം. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

കല്ലറ, പാങ്ങോട്, ഭരതന്നൂർ, മുതുവിള,പരപ്പിൽ, പാട്ടറ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. ജനവാസ മേഖലകളിലിറങ്ങി മനുഷ്യജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടെങ്കിലും ലൈസൻസുള്ള തോക്കുടമകളുടെ അഭാവം തടസമാകുകയാണ്. മലയോര, ഗ്രാമീണ മേഖലകളിൽ കിഴങ്ങു വിളകൾക്കു പുറമെ റബർ ആവർത്തനക്കൃഷി ചെയ്യാൻ പോലും മടിക്കുകയാണ് കർഷകർ. വയലുകളും, റബർ, മരച്ചീനി ഉൾപ്പെടെയുള്ള പല തോട്ടങ്ങളും കാടും വള്ളിപ്പടർപ്പും കയറി വനത്തിന് സമാനമാണ്. ഇതോടെ ഇവിടങ്ങളിലും കാട്ടുപന്നി ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ പെരുകി.

എല്ലാ പഞ്ചായത്തിലും ലൈസൻസുള്ള തോക്ക് ഉടമകൾ ഇല്ല. രാത്രി ഉറക്കമൊഴിഞ്ഞ് പന്നിയെ വെടിവയ്ക്കാൻ തോക്കുള്ളവരിൽ മിക്കവരെയും കിട്ടാറുമില്ല. നിലവിൽ തോക്ക് ലൈസൻസുള്ളവരിൽ ഭൂരിഭാഗവും 75 വയസിന് മുകളിലുള്ളവരാണ്. അനാരോഗ്യം കാരണം ഇവരുടെ സേവനം ബുദ്ധിമുട്ടാണ്. വെടിവയ്ക്കാൻ അനുമതി ലഭിച്ചാലും കടമ്പകളേറെയാണ്. മുലയൂട്ടുന്ന പന്നികളെ കൊല്ലാൻ പാടില്ല. ഇവ വനത്തിലേക്ക് രക്ഷപ്പെട്ടാൽ പിന്തുടർന്ന് വെടിവയ്ക്കരുത്. വെടിയേറ്റ് ചത്താൽ മാംസം ഭക്ഷണത്തിനായി ഉപയോഗിക്കരുത്, പകരം വനപാലകരെ ബോദ്ധ്യപ്പെടുത്തി മണ്ണെണ്ണ ഉപയോഗിച്ച് ഉപയോഗ ശൂന്യമാക്കിയതിന് ശേഷം കുഴിച്ചുമൂടണം ഇത്തരം നിയമങ്ങൾ കർഷകനെ ദുരിതത്തിലാക്കുന്നു.