ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്: സെനുരൻ മുത്തുസാമിക്ക് കന്നി സെഞ്ച്വറി; പ്രോട്ടീസ് 489ന് പുറത്ത്
ഗോഹട്ടി: രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യൻ ബൗളർമാരെ സമ്മർദ്ദത്തിലാക്കി പ്രോട്ടീസ് ബാറ്റർമാർ. തകർപ്പൻ പ്രകടനം പുറത്തെടുത്ത ദക്ഷിണാഫ്രിക്കയ്‌ക്കാണ് മത്സരത്തിൽ മേൽക്കൈ. രണ്ടാം ദിനവും ദക്ഷിണാഫ്രിക്ക ആധിപത്യം തുടരുകയായിരുന്നു. ഏഴാമത് ഇറങ്ങിയ സെനുരൻ മുത്തുസാമി തന്റെ കരിയറിലെ കന്നി സെഞ്ച്വറി നേടി കൂറ്റൻ സ്കോറിലേക്കാണ് ദക്ഷിണാഫ്രിക്കയെ നയിച്ചത്. ഓൾറൗണ്ടർ കോർബിൻ ബോഷിന് പകരക്കാരനായിട്ടാണ് മുത്തുസാമി ഈ മത്സരത്തിന് ഇറങ്ങിയത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 489 റൺസിനാണ് അവസാനിച്ചത്. ഇന്ത്യ ബാറ്റിംഗ് തുടങ്ങുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ ഒമ്പത് റൺസോടെ യശസ്വി ജയ്‌സ്വാളും കെ.എൽ. രാഹുലുമാണ് ക്രീസിൽ.
രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 137 ഓവറിൽ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് 428 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു. തുടർന്നും മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന മുത്തു സാമി സിറാജിന്റെ പന്തിലാണ് ലഞ്ചിന് ശേഷം കൂടാരം കയറിയത്. പിന്നീട് മാർക്കോ യാൻസൻ സെഞ്ച്വറിയോടടുത്ത് എത്തിയെങ്കിലും കുൽദീപിന്റെ പന്തിൽ പുറത്താകുകയായിരുന്നു. നിലവിൽ ഇന്ത്യയ്ക്ക് ശക്തമായ പ്രതിരോധം തീർത്താണ് പ്രോട്ടീസ് ബാറ്റർമാർ ക്രീസ് വീട്ടത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്താണ് അവസാനിച്ചത്.
എന്നാൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 242 റൺസ് കൂടി കൂട്ടിച്ചേർത്താണ് ഇന്ത്യൻ ബൗളർമാരെ പ്രതിരോധത്തിലാക്കിയത്. ആദ്യ സെഷനിൽ വിക്കറ്റൊന്നും നേടാനാകാതെ ഇന്ത്യ എറിഞ്ഞ് തളരുകയായിരുന്നു. പിന്നീട് രണ്ടാം സെഷനിലാണ് വിക്കറ്റുകൾ വീണു തുടങ്ങിയത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാലു വിക്കറ്റുകളാണ് വീഴ്ത്തിയത്.
ചായയ്ക്ക് പിരിഞ്ഞ ശേഷമാണ് പ്രോട്ടീസിന് രണ്ടാം ദിനം ആദ്യ വിക്കറ്റ് നഷ്ടമായത്. 122 പന്തിൽ 45 റൺസെടുത്ത കെയ്ൽ വെറൈനാണ് പുറത്തായത്. ഇതോടെ മുത്തുസാമിയുമായുള്ള വെറൈന്റെ മികച്ച കൂട്ടുകെട്ടിനും വിരാമമായി. ആദ്യ സെഷനിൽ ദക്ഷിണാഫ്രിക്ക ശ്രദ്ധയോടെയാണ് ബാറ്റ് ചെയ്തത്. ക്യാപ്ടൻ ബാവുമയുടെ ശൈലി അനുകരിച്ച് ശ്രദ്ധയോടെ കളിച്ചാണ് മുത്തുസാമി 121 പന്തിൽ അർദ്ധസെഞ്ച്വറി തികച്ചത്. ചായയ്ക്ക് പിരിഞ്ഞപ്പോൾ സന്ദർശകർ 111 ഓവറിൽ ആറ് വിക്കറ്റിന് 316 റൺസ് നേടിയിരുന്നു. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയുമാണ് ആദ്യ സെഷനിൽ ഇന്ത്യയ്ക്ക് വേണ്ടി ബൗളിംഗ് ആരംഭിച്ചത്.
ആദ്യ ദിവസം ആറ് വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ സ്പിന്നർമാർ നേരിയ ആധിപത്യം നേടിയിരുന്നുവെങ്കിലും, രണ്ടാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് അനുകൂലമായി മാറുകയായിരുന്നു. ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ ഇനി ഇന്ത്യക്ക് കളി തിരിച്ചു പിടിക്കാൻ സാധിക്കുകയുള്ളൂ. കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിൽ രണ്ട് ഇന്നിംഗ്സിലും പൂജ്യത്തിന് പുറത്തായ കെ.എൽ. രാഹുലിനും യശസ്വി ജയ്‌സ്വാളിനും ഇത്തവണ റൺസ് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
പരിക്കേറ്റ ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിൽ മദ്ധ്യനിരയിൽ കടുത്ത സമ്മർദ്ദമാണ് നിലനിൽക്കുന്നത്. സായ് സുദർശന് ലഭിച്ച അവസരം അദ്ദേഹം മുതലാക്കേണ്ടതുണ്ട്. സൈമൺ ഹാർമർ, കേശവ് മഹാരാജ് എന്നിവരുടെ സ്പിൻ ആക്രമണത്തെ കരുതലോടെ നേരിടാൻ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് കഴിഞ്ഞാൽ മാത്രമേ ജയം ഉറപ്പിക്കാൻ കഴിയൂ.