'ശുദ്ധമായ പോത്തിറച്ചി കിട്ടിയാൽ കഴിക്കും'; ബീഫ് കഴിക്കുമോയെന്ന ചോദ്യത്തിന് ഗോപാലകൃഷ്ണന്റെ മറുപടി
തൃശൂർ: താൻ വെജിറ്റേറിയനാണെന്നും ശുദ്ധമായ പോത്തിറച്ചി ലഭിച്ചാൽ കഴിക്കുമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. പശുവിനെ സംരക്ഷിക്കണമെന്നും ഗ്രാമങ്ങളിൽ ഒരു വീട്ടിൽ സ്വയം പര്യാപ്തതയ്ക്ക് ഒരു പശുവെങ്കിലും വേണമെന്നും പശുവിനെ സംരക്ഷിക്കുകയെന്ന് പറഞ്ഞാൽ ചാടിക്കടിക്കുന്നവരാണ് കോൺഗ്രസും സിപിഎമ്മുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന്റെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ സിപിഐ നേതാവ് വിഎസ് സുനിൽകുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'താൻ വെജിറ്റേറിയനല്ല. ശുദ്ധമായ പോത്തിറച്ചി തന്നാൽ കഴിക്കും. താൻ കളവ് പറയാറില്ല. സത്യസന്ധമായ കാര്യം മാത്രമേ പറയൂ. പശുക്കിടാവിനെ സംരക്ഷിക്കണമെന്ന് പറഞ്ഞാൽ ചാടിക്കടിക്കുന്നവരാണ് ഇവർ. പശുവിനെ പരസ്യമായി അറക്കുന്നത് കോൺഗ്രസാണ്'- ഗോപാലകൃഷ്ണൻ പറഞ്ഞു. പിന്നാലെ പരിപാടിയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് അനിൽ അക്കര വിഷയത്തിൽ ഇടപെട്ടു.
തന്റെ വീട്ടിൽ ഒൻപതോളം പശുക്കളുണ്ടായിരുന്നുവെന്നും കറവ വറ്റിയാൽ ഇവയെ വിൽക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും അനിൽ അക്കര പറഞ്ഞു. പിന്നാലെ ഗോപാലകൃഷ്ണന് പശുക്കളിൽ എത്ര ഇനങ്ങളെ അറിയാമെന്ന ചോദ്യമുയർന്നു. ഇതിന് മറുപടി പറഞ്ഞത് സുനിൽ കുമാറാണ്. ഗോപാലകൃഷ്ണന് ഒരു വെറൈറ്റിയേ അറിയൂ എന്നും അത് ഗോമാതാവാണെന്നുമായിരുന്നു സുനിൽകുമാർ പറഞ്ഞത്. പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.