ഓൺലൈനിൽ ഓർഡർ ചെയ്ത ബിരിയാണിയിൽ ചത്ത പാറ്റ; വിവരം അറിയിച്ചപ്പോൾ ഭക്ഷണവിതരണ കമ്പനി യുവതിയോട് ചെയ്തത്

Sunday 23 November 2025 4:12 PM IST

വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങി ഇന്ന് എന്തും വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഡിജിറ്റൽ യുഗമാണ്. നഗരങ്ങളിലെ തിരക്കിട്ട ജീവിതത്തിൽ, ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്ത് കഴിക്കുന്നവരുടെ എണ്ണം ഏറിവരുന്നുണ്ട്. എന്നാൽ ഈ സൗകര്യത്തിനൊപ്പം ചില ആശങ്കകളും ഉയരുന്നുണ്ട്. ഓൺലൈൻ ഓർഡറുകൾക്ക് പലപ്പോഴും അധിക തുക നൽകേണ്ടി വരുന്നത് മാത്രമല്ല, നേരിട്ട് വാങ്ങുന്നതിനേക്കാൾ ഗുണമേന്മയിലോ അളവിലോ കുറവുണ്ടാകുന്നതായും ഉപയോക്താക്കൾ പരാതിപ്പെടുന്നുണ്ട്. ഇപ്പോഴിതാ ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണത്തിൽ ചത്ത പാറ്റയെ കാണിച്ചു കൊണ്ട് യുവതി പോസ്റ്റ് ചെയ്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുംബയിലാണ് സംഭവം.

സ്വിഗ്ഗിയിലൂടെ ഓർഡർ ചെയ്ത ബിരിയാണിയിലാണ് പാറ്റയെ കണ്ടതെന്ന് യുവതി പറയുന്നു. പ്രമുഖ റെസ്റ്റോറന്റായ 'ബിരിയാണി ബൈ കിലോ'യിൽ നിന്നാണ് യുവതി ഭക്ഷണം ഓർഡർ ചെയ്തത്. എന്നാൽ ബിരിയാണിയിൽ പാറ്റയെ കണ്ടതോടെ യുവതിക്ക് ദേഷ്യം അടക്കാനായില്ല. ഭക്ഷണത്തിന്റെ ഗുണനിലവാരം ചോദ്യം ചെയ്തുകൊണ്ട് എക്സിലാണ് യുവതി തന്റെ ദുരനുഭവം പങ്കുവച്ചത്.

'കഴിക്കുന്ന ഭക്ഷണത്തിൽ പാറ്റയെ കാണുന്നത് തന്നെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇവരൊക്കെ ബിരിയാണിയിൽ പാറ്റയെയും കൂടി വിളമ്പുകയാണോ ചെയ്യുന്നത്. ഇത്രയും പണം നൽകിയിട്ടും ഇതാണോ കിട്ടുന്നത്. ഇത്തരം വൃത്തികേടുകൾക്ക് ആരാണ് മറുപടി പറയുക. ഇനി മുതൽ സ്വിഗ്ഗി വഴി ഓർഡർ ചെയ്യുന്നത് നിർത്തി' യുവതി എക്സിൽ കുറിച്ചു.

സംഭവം വൈറലായതോടെ സ്വിഗ്ഗി ടീം ഉടൻ തന്നെ യുവതിയെ ബന്ധപ്പെടുകയും ഓർഡറിനുള്ള പണം പൂർണ്ണമായും തിരികെ നൽകുകയും ചെയ്തു. എന്നാൽ, തങ്ങൾ ഭക്ഷണം ഡെലിവറി ചെയ്യുന്ന പ്ലാറ്റ്‌ഫോം മാത്രമാണെന്നും റെസ്റ്റോറന്റ് പാക്ക് ചെയ്ത് വയ്ക്കുന്ന പാക്കറ്റുകൾ തുറന്ന് പരിശോധിക്കാൻ തങ്ങൾക്ക് അനുവാദമില്ലെന്നും സ്വിഗ്ഗി അധികൃതർ യുവതിയെ അറിയിച്ചു.

ഭക്ഷണം നൽകിയ 'ബിരിയാണി ബൈ കിലോ' എന്ന റെസ്റ്റോറന്റ് വിതരണം ചെയ്ത ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യമുയർത്തിയ യുവതിയോട് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 'എനിക്ക് റീഫണ്ട് മാത്രമല്ല വേണ്ടത്, ഇത്തരം റെസ്റ്റോറന്റുകളിൽ നിന്നും നൽകുന്ന ഗുണനിലവാരമാണ് പ്രശ്നം,' യുവതി തുറന്നടിച്ചു.

ബിരിയാണിയിൽ പാറ്റയെ കണ്ടെത്തിയ സംഭവം ഗൗരവമായതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചു. സ്വിഗ്ഗി, 'ബിരിയാണി ബൈ കിലോ' എന്നീ സ്ഥാപനങ്ങളോട് വിശദീകരണം തേടിയിട്ടുണ്ട്. കൂടാതെ സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റുമാർ ശരിയായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നു.