പാലത്തായി പീഡനം: ശിക്ഷിക്കപ്പെട്ട പ്രതി പദ്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അദ്ധ്യാപകൻ പദ്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അദ്ധ്യാപകനെ പിരിച്ചുവിട്ടുള്ള ഉത്തരവ് സ്‌കൂൾ മാനേജർ പുറപ്പെടുവിച്ചെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും അദ്ധ്യാപകനുമായ കെ. പദ്മരാജന് മരണംവരെ ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. തലശേരി അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. പാലത്തായിയിലെ നാലാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്. പെൺകുട്ടിയെ സ്‌കൂളിലെ ശുചിമുറിയിൽ വച്ചും മറ്റൊരു വീട്ടിൽ വച്ചും പീഡിപ്പിച്ചു എന്നാണ് കേസ്. കടവത്തൂർ മുണ്ടത്തോടിലെ ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്ന പ്രതി, സംഘപരിവാർ അദ്ധ്യാപക സംഘടനയായ എൻടിയുവിന്റെ ജില്ലാ നേതാവുമായിരുന്നു.
2020 മാർച്ച് 16ന് കുട്ടിയുടെ കുടുംബം തലശ്ശേരി ഡിവൈഎസ്പിക്ക് പരാതി നൽകി. എന്നാൽ പാനൂർ പൊലീസ് ആദ്യ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന നിഗമനത്തിലെത്തി. തുടർന്ന് പ്രതിക്കെതിരെ നടപടി എടുക്കാത്തതിൽ കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് പോക്‌സോ ചുമത്തി കേസെടുത്തത്. ഏപ്രിൽ 15ന് ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പദ്മരാജനെ അറസ്റ്റുചെയ്യുകയായിരുന്നു.
പാനൂർ പൊലീസ് ആദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ പോക്‌സോ വകുപ്പുകൾ ഒഴിവാക്കുകയും പ്രതിക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയും ചെയ്തത് വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. 2024 ഫെബ്രുവരി 23ന് തുടങ്ങിയ വിചാരണ 2025 ആഗസ്റ്റ് 13 വരെ തുടർന്നു.