നടപ്പാത കൈയേറി പാർക്കിംഗ്, കാൽനടക്കാർ പെരുവഴിയിൽ

Monday 24 November 2025 12:58 AM IST
ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുൻവശം നടപ്പാത കൈയേറി ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു

ആലുവ: ആലുവ നഗരത്തിലെ ഏറ്റവും തിരക്കേറിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുൻവശം നടപ്പാത കൈയേറി ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിട്ടും അധികാരികൾ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉൾപ്പെടെയുള്ള നൂറുകണക്കിന് കാൽനടക്കാർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് വരുന്ന വഴിയിൽ വലതുവശത്തെ നടപ്പാതയാണ് ഇരുചക്രവാഹനങ്ങൾ പൂർണമായി കൈയടക്കുന്നത്.

ഇവിടെ നടപ്പാതയിൽ ചെരുപ്പ് തുന്നുന്ന ഒരാളും നഗരസഭയുടെ അനുവാദത്തോടെയെന്ന പേരിൽ ബങ്ക് സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിൽ താരതമ്യേന ഏറ്റവും വീതി കുറഞ്ഞ നടപ്പാതയാണ് ഇവിടത്തേത്. ഒരു ഇരുചക്രവാഹനം പാർക്ക് ചെയ്താൽ കാൽനടക്കാർ റോഡിലേക്ക് ഇറങ്ങണം. മാസങ്ങൾക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പ് ലക്ഷങ്ങൾ ചെലവഴിച്ചാണ് ഇവിടെ നടപ്പാത നിർമ്മിച്ചത്. അത് സംരക്ഷിക്കാനും ഉപയോഗപ്പെടുത്താനും നഗരസഭയോ പൊലീസോ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

ഒരേസമയം 25ലേറെ ഇരുചക്രവാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്യുന്നത്. അതിനാൽ കാൽനടക്കാരെല്ലാം റോഡിലിറങ്ങി നടക്കണം. എല്ലാ സമയവും കാൽനടയാത്രക്കാരുടെയും വാഹനങ്ങളുടെയുമെല്ലാം തിരക്കേറിയ ഭാഗമാണിത്. നഗരസഭാ അനുമതിയോടെയുള്ള ബങ്ക് ഇവിടെ ഇരിക്കുന്നതിനാലാണ് പൊലീസും നടപടിയെടുക്കാത്തത്. നടപ്പാത സ്ഥാപിക്കുന്നതിന് മുമ്പ് ഇവിടെ ടാക്സി സ്റ്റാൻഡ് ആയിരുന്നു. ഓട്ടം കുറഞ്ഞപ്പോൾ ടാക്സികളെല്ലാം കളം വിട്ടു. തുടർന്നാണ് ഇവിടെ പി.ഡബ്ല്യു.ഡി നടപ്പാത നിർമ്മിച്ചത്. ഇപ്പോൾ നടപ്പാതയിൽ ഇരുചക്രവാഹനങ്ങളും പുറത്ത് ഓട്ടോറിക്ഷകളും പാർക്ക് ചെയ്യുന്ന അവസ്ഥയായി.

നടപ്പാതയിൽ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണം. കാൽനട യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന നടപടിയാണ്. തിരക്കേറിയ ഭാഗത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ നടപടി പ്രതിഷേധാർഹമാണ്.

കെ.ടി. രാഹുൽ

വിവരാവകാശ പ്രവർത്തകൻ