കേരളത്തില്‍ കാര്‍ വാങ്ങുന്നവരുടെ എണ്ണം കൂടാന്‍ കാരണം വില കുറഞ്ഞത് മാത്രമല്ല; അതിന് പിന്നില്‍ മറ്റൊരു കാര്യമുണ്ട്
കൊച്ചി: ജിഎസ്ടി 2.0 യാഥാര്‍ത്ഥ്യമായതോടെ നിരവധി മേഖലകളില്‍ വിലക്കുറവ് പ്രാബല്യത്തില്‍ വന്നു. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ആഡംബര വസ്തുക്കള്‍ വരെ ഇതില്‍ ഉള്‍പ്പെടും. ജിഎസ്ടിയിലെ മാറ്റം വലിയ ആവേശം സൃഷ്ടിച്ച മേഖലയാണ് വാഹന വില്പ്പനയുടേത്. കേരളത്തില്‍ ഉള്‍പ്പെടെ കാര്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ട്. എന്നാല്‍ ഈ മാറ്റം പുതിയ വാഹനങ്ങളുടെ വില്‍പ്പനയെ മാത്രം ആശ്രയിച്ചുള്ളതല്ലെന്നതാണ് വിപണിയിലെ പുതിയ ട്രെന്‍ഡില്‍ നിന്ന് മനസ്സിലാകുന്നത്.
പുതിയ വാഹനങ്ങളുടെ വില്‍പ്പന പൊടിപൊടിക്കുന്നതിനൊപ്പം തന്നെ നിരവധി സംസ്ഥാനങ്ങളില്‍ യൂസ്ഡ് കാര്‍ വിപണിയും ഉയര്‍ച്ചയുടെ പാതയിലാണ്. അതായത് പുതിയ വാഹനങ്ങളുടെ വില കുറഞ്ഞിട്ടും അത് വാങ്ങാന്‍ സാമ്പത്തികമായി കഴിയാത്തവര്‍ അനുബന്ധ മേഖലയായ യൂസ്ഡ് കാര്‍ വില്‍പ്പനയെ വലിയതോതില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. 2024ല്‍ 3,600 കോടി ഡോളര്‍ മുതല്‍ 4,500 കോടി ഡോളര്‍ വരെ മൂല്യമുള്ള ഇന്ത്യയിലെ യൂസ്ഡ് കാര്‍ വിപണി 2030 ആകുമ്പോഴേക്കും 7,300 കോടി ഡോളര്‍ മുതല്‍ 10,100 കോടി ഡോളര്‍ വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
10 മുതല്‍ 15 ശതമാനം വരെ സംയുക്ത വാര്‍ഷിക നിരക്കില്‍ വിപണിയുടെ വളര്ച്ചയുണ്ടാകുകയെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. പുതിയ വാഹനങ്ങളുടെ വില കുറഞ്ഞപ്പോള്‍ അധികം ഉപയോഗിച്ച് പഴക്കമില്ലാത്ത വാഹനങ്ങള്‍പ്പോലും നിരവധിപേര്‍ വില്‍പ്പന നടത്തി. മാര്‍ക്കറ്റിലെ പുതിയ ഫീച്ചറുകളോടെ ലഭ്യമായ വാഹനങ്ങളിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പലരും വാഹനങ്ങള്‍ വില്‍പ്പന നടത്തിയത്.
പുതിയ വാഹനങ്ങള്‍ക്ക് വിലക്കുറവ് പ്രാബല്യത്തില്‍ വന്നതോടെ യൂസ്ഡ് കാറുകളുടെ വിലയും താഴ്ന്നു. ഇത് സാധാരണക്കാരായ നിരവധിപേരുടെ സ്വന്തമായി ഒരു കാറെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെയുണ്ടായ വിലക്കുറവ് വില്‍പ്പനയില്‍ പ്രതിഫലിക്കുന്നുവെന്നാണ് യൂസ്ഡ് കാര്‍ വില്‍പ്പന നടത്തുന്ന ഡീലര്‍മാര്‍ പറയുന്നത്. അഞ്ച് വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ള യൂസ്ഡ് കാറുകള്‍ക്ക് ഫിനാന്‍സ് സൗകര്യം ലഭിക്കുന്നതാണ് വില്‍പ്പന കൂടാനുള്ള മറ്റൊരു കാര്യം.
അതുപോലെ തന്നെ സാമ്പത്തികമായി നേട്ടമുണ്ടാക്കാനുള്ള മാര്‍ഗമായും യൂസ്ഡ് കാറുകള്‍ വാങ്ങുന്നതിനെ കണക്കാക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. മികച്ച കണ്ടീഷനില്‍ വാഹനം കൈമാറുന്ന ഡീലര്‍മാരെ സമീപിച്ച ശേഷം വാങ്ങുന്ന ഇത്തരം വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഉള്‍പ്പെടെയുള്ളവ പുതിയ വാഹനങ്ങളേക്കാള്‍ കുറവായിരിക്കും. അതുപോലെ തന്നെ രജിസ്ട്രേഷന് റോഡ് ടാക്സ് എന്നീ നിലയ്ക്കുള്ള ഭീമന് തുകയും നല്കേണ്ടിതില്ല.
എന്നാല്‍ യൂസ്ഡ് കാറുകള്‍ വാങ്ങുമ്പോള്‍ ചില പ്രശ്നങ്ങളുണ്ടാകാനും സാദ്ധ്യത കൂടുതലാണ്. വാഹനത്തിന്റെ കാലപ്പഴക്കം, പുതിയ ഫീച്ചറുകളുടെ ലഭ്യതയില്ലായ്മ, വാറന്റി കാലാവധി കുറവായിരിക്കും, വാഹനം എത്തരത്തില്‍ ഉപയോഗിച്ചതാണെന്ന് അറിയാന്‍ കഴിയില്ല തുടങ്ങിയവയാണവ. അതുപോലെ തന്നെ യൂസ്ഡ് കാറുകള്‍ക്ക് ഇഎംഐ സൗകര്യം ലഭിക്കുമെങ്കിലും പലിശ നിരക്ക് കൂടുതലായിരിക്കും.