ജനങ്ങളുടെ മനസിലാണ് ഇടതുപക്ഷം

Monday 24 November 2025 12:49 PM IST
പി.ഗവാസ് (സി.പി.ഐ ജില്ലാ സെക്രട്ടറി)

@പി.ഗവാസ് (സി.പി.ഐ ജില്ലാ സെക്രട്ടറി)

സംസ്ഥാന സർക്കാർ നൽകിയ പൂർണ്ണ പിന്തുണയാണ് തദ്ദേശ വികസനത്തിന്റെ അടിസ്ഥാന ശില. മടിയിൽ കനമില്ലാത്തതിനാൽ ഇടതുപക്ഷത്തിന് ഇവിടെ പേടിക്കാനൊന്നുമില്ല.

കോഴിക്കോടിനെ കോർപറേഷൻ, ജില്ലാപഞ്ചായത്ത്, ബ്ലോക്കുകൾ, നഗരസഭകൾ, പഞ്ചായത്തുകൾ ഇങ്ങനെ വേർതിരിച്ചല്ല ഇടതുപക്ഷം കണ്ടത്. ഭരണസൗകര്യത്തിന് എല്ലായിടത്തും അതാത് സമിതികളുള്ളപ്പോഴും ജില്ലയെന്ന ഒരു യൂണിറ്റാണ് കോഴിക്കോട്. അവിടെ കഴിഞ്ഞകാലങ്ങളിൽ നടന്ന വികസനപ്രവർത്തനങ്ങൾക്കുള്ള വോട്ടാണ് ജനം നൽകുന്നത്. സംസ്ഥാന സർക്കാർ നൽകിയ പൂർണ്ണ പിന്തുണയാണ് തദ്ദേശ വികസനത്തിന്റെ അടിസ്ഥാന ശില. മടിയിൽ കനമില്ലാത്തതിനാൽ ഇടതുപക്ഷത്തിന് ഇവിടെ പേടിക്കാനൊന്നുമില്ല.

വലിയ പോരാട്ടമാണ് കോർപറേഷനിലും ജില്ലാ പഞ്ചായത്തിലും

യു.ഡി.എഫിനേയും എൻ.ഡി.എയും ഇടതുപക്ഷം രണ്ടായി കണ്ടിട്ടില്ല. രണ്ടും ഒന്നാണ്. പക്ഷെ എത്ര ഒത്തുപിടിച്ചാലും കോർപറേഷനേയും ജില്ലാ പഞ്ചായത്തിനേയും തകർക്കാനാവില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി കോർപറേഷനും ജില്ലാ പഞ്ചായത്തും നടത്തിയ നേട്ടങ്ങളുടെ സാക്ഷിപത്രമാവും ഈ തിരഞ്ഞെടുപ്പും. രാഷ്ട്രീയമായി യോജിച്ച് അവർ ഇറക്കുന്ന പ്രചാരണവേലകളെല്ലാം ജനകീയ കോടതിയിൽ വെറുതെയാവും.

തരിശു നിലരഹിതം, മാലിന്യ മുക്തം

ഒരു പദ്ധതി പ്രഖ്യാപിക്കമ്പോൾ, അതുമായി മുന്നോട്ട് പോവുമ്പോൾ നൂറു ശതമാനം പൂർത്തിയായോ എന്ന ചോദ്യത്തിന് അർത്ഥമില്ല. നൂറു ശതമാനത്തിലേക്കാണ് പോക്ക്. കേരളത്തിൽ തരിശുനില മുക്തമായി കൃഷിയെന്ന യാഥാർത്ഥ്യത്തിലേക്കാണ് ജില്ലാ പഞ്ചായത്ത് നടക്കുന്നത്. സി.ഡബ്ല്യു.ഡി ആർ.ഡി.എമ്മിന്റെ സഹകരണത്തോടെ നടത്തിയ പഠനങ്ങൾ വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. അത് ഭരിക്കുന്നവരിൽ മാത്രമല്ല. ജനങ്ങളുടെ മനസിലും.

കഴിഞ്ഞ പത്തുവർഷം മറക്കരുത്

കേരളത്തിന്റെ രാഷ്ട്രീയസൂമൂഹിക ചരിത്രത്തിൽ കഴിഞ്ഞ പത്തുവർഷങ്ങൾ പ്രധാനമാണ്. പെൻഷൻ വർദ്ധനവടക്കം സാധാരണക്കാരുടെ ജീവൽപ്രശ്‌നങ്ങൾക്കൊപ്പമാണ് ഈ സർക്കാർ നീങ്ങിയത്. ഒപ്പം പശ്ചാത്തല മേഖലയിലും വലിയ പദ്ധതികൾ യാഥാർത്ഥ്യമാവുന്നു. ചുരുക്കത്തിൽ സർവതല സ്പർശിയാണ് ഇടതുപക്ഷ വികസനം. അതെല്ലാം തദ്ദേശ തിരഞ്ഞടുപ്പിൽ ജനം തിരിച്ചറിഞ്ഞ് വോട്ട് ചെയ്യും.