പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ട് കേസ്: ഗൂഢാലോചനയെക്കുറിച്ച് എൻ.ഐ.എ അന്വേഷിക്കും
കൊച്ചി: പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ട് കേസിലെ ഗൂഢാലോചനയെക്കുറിച്ചും പ്രതികൾക്ക് ഒളിവിൽ കഴിയാൻ ഒത്താശയും പിന്തുണയും നൽകിയവരെക്കുറിച്ചും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) 15 വർഷത്തിന് ശേഷം അന്വേഷിക്കുന്നു.
പ്രൊഫ. ജോസഫിന്റെ കൈവെട്ടി വലിച്ചെറിഞ്ഞ പെരുമ്പാവൂർ അശമന്നൂർ സ്വദേശി സവാദിനെ 13 വർഷത്തിനു ശേഷമാണ് അറസ്റ്റു ചെയ്‌തത്. ഒളിവിൽ കഴിയാൻ സഹായിച്ചവർ അജ്ഞാതരായി തുടരുന്നു.. കൈവെട്ടിൽ നേരിട്ട് പങ്കെടുത്തവർക്കപ്പുറം ആസൂത്രണം നടത്തിയ ഒരാളെപ്പോലും കണ്ടെത്താനായിട്ടില്ല.
ദീർഘകാലം ഒളിവിൽ കഴിയാൻ സഹായിച്ചവരെ കണ്ടെത്താൻ കൂടുതൽ സമയം ആവശ്യമാണെന്ന് പ്രത്യേക കോടതിയിൽ എൻ.ഐ.എ അറിയിച്ചു. സവാദിന്റെ വിചാരണ നടപടികൾ നീട്ടുന്നതിനാണ് എൻ.ഐ.എ ശ്രമമെന്നാണ് പ്രതി ഭാഗത്തിന്റെ ആരോപണം.
നിരോധിക്കപ്പെട്ടെങ്കിലും പി.എഫ്.ഐയുടെ പ്രവർത്തനം മറ്റു സംഘടനകളുടെ മറവിലും തുടരുന്നുണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെ നിഗമനം.പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ (പി.എഫ്.ഐ) നിരോധനത്തിനെതിരെ സുപ്രീംകോടതിയിൽ കേസുണ്ട്. നിരോധനം തുടരുന്നതിന് തെളിവുകൾ സമർപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് എൻ.ഐ.എ
അന്വേഷണം.
പ്രൊഫ. ജോസഫിനും
അതൃപ്തി
ഗൂഢാലോചന നടത്തിയവരെ കണ്ടെത്താത്തതിൽ പ്രൊഫ. ടി.ജെ. ജോസഫും കുടുംബവും എൻ.ഐ.എയേയും കേന്ദ്ര സർക്കാരിനേയും അതൃപ്തി നേരത്തെ അറിയിച്ചിരുന്നു. പിന്നിലുള്ളവർ കരുത്തരായതിനാലാണ് അന്വേഷണം അവരിലേക്ക് കടന്നു ചെല്ലാത്തത്. കുറേയെങ്കിലും നീതി നടപ്പായതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു..
കേസിലെ പ്രധാന
വിവരങ്ങൾ
* കൈവെട്ടൽ: 2010 ജൂലായ് 4 * എൻ.ഐ.എ ഏറ്റെടുത്തത്: 2011 ഏപ്രിൽ 4 * സവാദിന്റെ അറസ്റ്റ്: 2024 ജനുവരി 10 * പ്രതികൾ: 31 * ശിക്ഷിക്കപ്പെട്ടവർ: 19