ആനകളുണ്ടോ? എഴുന്നള്ളത്തിനാ.. ഉത്സവങ്ങൾക്ക് ആനകൾക്കായി പരക്കംപാച്ചിൽ

Monday 24 November 2025 12:22 AM IST

കൊച്ചി: ഉത്സവകാലം തുടങ്ങിയതോടെ എഴുന്നള്ളത്തിന് ആനകൾക്കായി പരക്കംപാഞ്ഞ് സംഘാടകർ. ആനകളെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നതിനുള്ള കർശന നിയന്ത്രണത്തിനൊപ്പം തലയെടുപ്പുള്ള ആനകളെ കിട്ടാത്തതുമാണ് കാരണം.

പത്തുവർഷം മുൻപ് 700ലേറെ നാട്ടാനകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോഴുള്ളത് 347 എണ്ണം മാത്രം. കൊമ്പനും പിടിയും മോഴയും ഉൾപ്പെടെയാണിത്. പലതിനും പ്രായമായി. അതിനാൽ അവയെ എഴുന്നള്ളത്തിന് ഉപയോഗിക്കാനാവില്ല. എഴുന്നള്ളത്തിന് പിടിയാനകളെ സംഘടിപ്പിക്കാനും ബുദ്ധിമുട്ടുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരാൻ വിലക്കുള്ളതിനാൽ അതിനും കഴിയുന്നില്ല.

2007നുശേഷം കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് ഒരാനപോലും എത്തിയിട്ടില്ലെന്ന് കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ രക്ഷാധികാരി എം. ബാലചന്ദ്ര മേനോൻ പറഞ്ഞു.

ബീഹാറിലെ സോൻപൂരിൽ നിന്നാണ് ആനകളെ എത്തിച്ചിരുന്നത്. ഗംഗാനദിയുടെ തീരത്ത് നവംബറിൽ നടത്തിയിരുന്ന മേളയിൽനിന്ന് ലളിതമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആനകളെ വാങ്ങാമായിരുന്നു. വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി 2015ൽ അത് നിരോധിച്ചു.

ഏക്കത്തുക

13.50 ലക്ഷം

ഉത്സവസീസണിൽ തലയെടുപ്പുള്ള ആനയ്ക്ക് 13.50 ലക്ഷം രൂപവരെയാണ് ഏക്കം (ഒരു ദിവസത്തെ നിരക്ക്). അല്ലാത്തപ്പോൾ 20,000-25,000 രൂപ. പ്രമുഖ ക്ഷേത്രങ്ങളിൽ ഉത്സവത്തിന് ദിവസവും പത്തിലേറെ ആനകളെ എഴുന്നള്ളിക്കുന്നുണ്ട്. ചെറിയ,​ ഇടത്തരം ക്ഷേത്രങ്ങൾക്ക് പക്ഷേ,​ ഇത്രയും വലിയ തുക താങ്ങാവുന്നതല്ല. വൃശ്ചികം മുതൽ മേടം വരെയാണ് ഉത്സവകാലം.

നാട്ടാനകൾ

തിരുവനന്തപുരം........ 18

കൊല്ലം.......................... 70

പത്തനംതിട്ട................. 7

കോട്ടയം....................... 60

ആലപ്പുഴ...................... 14

ഇടുക്കി......................... 20

എറണാകുളം..............10

തൃശൂർ........................ 110

പാലക്കാട്................... 18

മലപ്പുറം....................... 6

കോഴിക്കോട്..............10

കണ്ണൂർ....................... 1

കാസർകോട്............. 1

വയനാട്...................... 2