അവയവക്കച്ചവടം: ഇരകളെയും കണ്ണികളെയും തേടി എൻ.ഐ.എ
കൊച്ചി: എറണാകുളം സ്വദേശി മധു ജയകുമാറിന്റെ നേതൃത്വത്തിൽ ഇറാനിൽ അവയവക്കച്ചവടം നടത്താൻ മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഇരകളെയും കണ്ണികളെയും കണ്ടെത്താൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എൻ.ഐ.എ അന്വേഷണം വ്യാപിപ്പിക്കും. വൃക്കയ്‌ക്ക് 50 ലക്ഷത്തിലേറെ രൂപ വാങ്ങുമെങ്കിലും ഇരകൾക്ക് ആറോ ഏഴോ ലക്ഷം മാത്രം നൽകി മധു ജയകുമാർ കോടികൾ തട്ടിയെടുത്തതായി എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്.
ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നാണ് വൃക്ക കച്ചവടത്തിന് ഇരകളെ കണ്ടെത്തിയിരുന്നത്. ഗ്രാമീണരായ സാധാരണക്കാരുടെ സാമ്പത്തികവിഷമം ചൂഷണം ചെയ്താണ് വൃക്ക നൽകാൻ പ്രേരിപ്പിച്ചിരുന്നത്. വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ 20 ലേറെപ്പരെ ഇറാനിൽ എത്തിച്ചെന്നാണ് എൻ.ഐ.എക്ക് ലഭിച്ച വിവരം. ഇവരെ കണ്ടെത്താനാണ് അന്വേഷണം വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നത്. മധു ജയകുമാറിൽ നിന്ന് ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണമെന്ന് എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു.
മനുഷ്യക്കടത്തിന് നേതൃത്വം നൽകിയ എറണാകുളം സ്വദേശി മധു ജയകുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന മധുവിനെ കോടതിയിൽ ഹാജരാക്കും. ഇറാനിൽ കഴിഞ്ഞിരുന്ന മധു ജയകുമാറിനെ ഇന്റർപോൾ വഴി കൊച്ചിയിൽ എത്തിച്ചാണ് ഈ മാസം എട്ടിന് എൻ.ഐ.എ അറസ്റ്റു ചെയ്തത്.
ഇരകൾ സാധാരണക്കാർ
ഇറാനിൽ അവയവദാനം നിയമപരമാണെന്ന് ധരിപ്പിച്ചാണ് സാധാരണക്കാരെ മധു ജയകുമാറിന്റെ സംഘം കുവൈറ്റ് വഴി എത്തിച്ചിരുന്നത്. ആശുപത്രികളിൽ എത്തിച്ച് വൃക്കയാണ് എടുത്തിരുന്നത്. സ്‌റ്റെമ്മ ക്ലബ് എന്ന സ്ഥാപനം ഉപയോഗിച്ച് മെഡിക്കൽ ടൂറിസമെന്ന പേരിലായിരുന്നു മനുഷ്യക്കടത്തും അവയവക്കച്ചവടവും. ഇറാനിലും ഇയാൾക്ക് ഓഫീസുണ്ട്.
മധുവിന്റെ സംഘത്തിലെ തൃശൂർ എടമുട്ടം സ്വദേശി സബിത്ത് നാസർ, എടത്തല സ്വദേശി സജിത് ശ്യാം , ബെല്ലാരംകൊണ്ട രാമപ്രസാദ് എന്നിവരെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. അവയവദാനത്തിന് ഇറാനികൾക്കുള്ള വിമുഖത മുതലാക്കിയാണ് വിദേശത്തുനിന്ന് ദാതാക്കളെ എത്തിക്കാൻ ആശുപത്രികളുൾപ്പെട്ട സംഘം പ്രവർത്തിച്ചിരുന്നത്. അവയവക്കച്ചവടം, മനുഷ്യക്കടത്ത്, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ എൻ.ഐ.എ ചുമത്തിയിട്ടുണ്ട്.
കുടുക്കിയത് സംശയം
2024 ആഗസ്റ്റിൽ ഇറാനിൽ നിന്ന് കുവൈറ്റ് വഴിയെത്തിയ സബിത്ത് നാസറിനെ സംശയം തോന്നി എമിഗ്രേഷൻ ബ്യൂറോ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് അവയവ കച്ചവട സംഘത്തെപ്പറ്റി സൂചന ലഭിച്ചത്. എമിഗ്രേഷൻ വിഭാഗം കൈമാറിയ ഇായളെ പൊലീസ് അറസ്റ്റു ചെയ്തു. പിന്നീടാണ് എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തത്.