യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ജോലി കളയുമെന്ന് ഭീഷണി
തിരുവല്ല : തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സി.പി.എം പ്രാദേശിക നേതാക്കളടക്കം മാനസികമായി പീഡിപ്പിക്കുന്നതായി യു.ഡി.എഫ് വനിതാ സ്ഥാനാർത്ഥിയുടെ പരാതി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ പൊടിയാടി ഡിവിഷനിൽ മത്സരിക്കുന്ന ആശാമോൾ ടി.എസ് ആണ് പരാതിക്കാരി. ആറാം വാർഡിലെ എ.ഡി.എസ് പ്രസിഡന്റ് കൂടിയായ ആശയോട് മത്സരത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വനിതാ നേതാക്കളടക്കം ഭീഷണിപ്പെടുത്തുന്നു. പുളിക്കീഴ് ജവാൻ മദ്യ നിർമ്മാണ യൂണിറ്റിൽ ആശ ഉൾപ്പെടെ 28 പേർ അടങ്ങുന്ന സി.ഡി.എസ് അംഗങ്ങൾ ഒരു വർഷമായി താത്കാലിക ജീവനക്കാരാണ്. ആശ മത്സരിച്ചാൽ ഇവരുടെ യൂണിറ്റിനെ പിരിച്ചുവിട്ട് പുതിയ നിയമനത്തിന് ശുപാർശ ചെയ്യുമെന്ന് നേതാക്കൾ ഇവരുടെ യോഗം വിളിച്ചുകൂട്ടി അറിയിച്ചിരുന്നു. നിലവിലെ കരാർ റദ്ദാക്കി പുതിയ ടെൻഡർ ചെയ്യുമെന്നാണ് ഭീഷണി. ജോലി നഷ്ടപ്പെടുമെന്ന് ഭയപ്പെട്ട യുണിറ്റിലെ മറ്റുള്ളവരും പിൻമാറണമെന്ന് ആശയോട് ആവശ്യപ്പെടുന്നുണ്ട്. ഇതുസംബന്ധിച്ച ഫോൺ സംഭാഷണം പുറത്തായി. ഭീഷണിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.