ബൈക്കിൽ രാജ്യംചുറ്റി നാടക അവതരണം, ഏകാംഗ നാടകവുമായി വിതുര സുധാകരൻ

Monday 24 November 2025 12:28 AM IST

തിരുവനന്തപുരം: പ്രകൃതി സ്നേഹം, ദേശീയത, സ്ത്രീ സംരക്ഷണം..

ഈ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രശസ്തരുടെ 12 കൃതികൾ സംയോജിപ്പിച്ച ഏകാംഗ നാടകം വിവിധ സംസ്ഥാനങ്ങളിൽ അവതരിപ്പിക്കാൻ തയ്യാറെടുത്ത് നാടക പ്രവർത്തകനായ വിതുര സുധാകരൻ. നാടകത്തിനാവശ്യമായ സാമഗ്രികളെല്ലാം വച്ചുകെട്ടി ബൈക്കിലാണ് രാജ്യസഞ്ചാരം. 30 മിനിട്ട് ദൈർഘ്യമുള്ള 'ഏകത' എന്ന നാടകമാണ് അവതരിപ്പിക്കുന്നത്. 12 ഭാഷകളിലായി 13 കഥാപാത്രങ്ങളാണ് നാടകത്തിലുള്ളത്.

കാളിദാസന്റെ 'വിക്രമോർവശീയം', രവീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി', എസ്. മുത്തുസ്വാമിയുടെ 'നൂൽക്കുണ്ട്', കാവാലം നാരായണപ്പണിക്കരുടെ 'അവനവൻ കടമ്പ' തുടങ്ങിയവയിലെ ആശയങ്ങളാണ് നാടകത്തിൽ. റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായ വിതുര സ്വരാജ് ഗേറ്റ് ശിവവിലാസത്തിൽ സുധാകരൻ (62) 2021ൽ ആദ്യ നാടക യാത്ര 'തിയേറ്റർ ഓൺ വീൽസ്' നടത്തിയിരുന്നു.

തമിഴ്നാട്, കർണാടക, തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഹിമാചൽ, ജമ്മുകാശ്മീർ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലായിരുന്നു മൂന്നുമാസം നീണ്ട അന്നത്തെ യാത്ര. ഈ സ്ഥലങ്ങൾ ഒഴിവാക്കിയാക്കും അടുത്ത യാത്ര. സുഹൃത്ത് ബി.ടി. അനിൽ കുമാറിന്റേതാണ് നാടകത്തിന്റെ ആശയം.

സംഗീത നാടക അക്കാ‌ഡമിയുടെ കലാശ്രീ പുരസ്‌കാര ജേതാവും വിതുര സുഹൃത്ത് നാടകക്കളരിയുടെ അമരക്കാരനുമാണ് സുധാകരൻ. തിരുവനന്തപുരം നാടക യോഗത്തിന്റെ പ്രവർത്തകനുമാണ്. ഭാര്യ റാണി ചന്ദ്ര. മക്കൾ: അഭിനദേവി, ആതിദ്യ എസ്.ആർ.

''ആദ്യ യാത്രയിൽ വേദികൾ എവിടെ,ആര് സഹായിക്കുമെന്നൊന്നും ഉറപ്പാക്കാതെ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. വേദി ഒരുക്കിയതു മുതൽ താമസവും ഭക്ഷണവും പ്രതിഫലവും നൽകിയതു വരെ നാടകക്കാരാണ്

-വിതുര സുധാകരൻ