ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു,​ ആളപായമില്ല

Monday 24 November 2025 12:29 AM IST

ആലപ്പുഴ: പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപം തോട്ടാത്തോട് ഭാഗത്ത് ഹൗസ് ബോട്ടിന് തീപിടിച്ചു. അതിഥികളെയും ജീവനക്കാരെയും തക്കസമയത്ത് കരയ്ക്കെത്തിക്കാൻ സാധിച്ചതിനാൽ ജീവഹാനി ഒഴിവായി. ഉത്തരേന്ത്യയിൽ നിന്നുള്ള ദമ്പതികളാണ് അതിഥികളായി ബോട്ടിലുണ്ടായിരുന്നത്. ബോട്ട് പൂർണമായി കത്തിനശിച്ചു.

തത്തംപള്ളി പാലപ്പറമ്പിൽ ജോസഫ് വർഗീസിന്റെ ഉടമസ്ഥതയിലുള്ള ഓൾ സീസൺ എന്ന ബോട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അഗ്നിബാധയുണ്ടായത്. അടുക്കളയിലെ ഗ്യാസ് സിലണ്ടറിൽ നിന്നുള്ള വാതക ചോർച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർ‌ക്യൂട്ട് സാധ്യതയും പരിശോധിക്കുന്നുണ്ട്.

കരയിൽ നിന്നവരാണ് ബോട്ടിൽ തീ പടരുന്നത് ആദ്യം കണ്ടത്. ഉച്ചഭക്ഷണത്തിനായി കരയോട് ചേർത്ത് ബോട്ട് അടുപ്പിച്ചിരിക്കുകയായിരുന്നു.

അഗ്നിശമസ സേനയും ടൂറിസം പൊലീസും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ബോട്ട് പൂർണമായും വെള്ളത്തിൽ മുക്കിയാണ് തീ അണച്ചത്.