'പത്രിക പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയും' മുൻ ഏരിയാ സെക്രട്ടറിക്ക് സി.പി.എം നേതാവിന്റെ ഭീഷണി

Monday 24 November 2025 3:42 AM IST

പാലക്കാട്: നാമനിർദ്ദേശ പത്രിക പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയുമെന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായ സി.പി.എം മുൻ ഏരിയ സെക്രട്ടറിക്ക് പാർട്ടി നേതാവിന്റെ വധഭീഷണി. അട്ടപ്പാടി അഗളി പഞ്ചായത്ത് 18-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി.ആർ. രാമകൃഷ്ണനെയാണ് സി.പി.എം അഗളി ലോക്കൽ സെക്രട്ടറി എൻ.ജംഷീർ കഴിഞ്ഞദിവസം രാത്രി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഫോൺ സംഭാഷണം പുറത്തുവന്നു.

മത്സരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ജംഷീർ ആവശ്യപ്പെട്ടപ്പോൾ അത് പറ്റില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞപ്പോഴായിരുന്നു വധഭീഷണി. പാർട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടി വരുമെന്നും പറഞ്ഞു. നിങ്ങൾ എന്തുവേണമെങ്കിലും ചെയ്‌തോളുവെന്നും പത്രിക പിൻവലിക്കില്ലെന്നും എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും രാമകൃഷ്ണൻ ചോദിച്ചപ്പോൾ തട്ടിക്കളയേണ്ടി വരുമെന്നായിരുന്നു ജംഷീറിന്റെ മറുപടി.

പത്രിക പിൻവലിക്കില്ലെന്നും അഴിമതിയും കൊള്ളരുതായ്മയുമാണ് അട്ടപ്പാടിയിൽ നടക്കുന്നതെന്നും അതിനെതിരെ പോരാടാനാണ് തീരുമാനമെന്നും രാമകൃഷ്ണൻ പറഞ്ഞു.

42 വർഷമായി പാർട്ടി അംഗമായ രാമകൃഷ്ണൻ അട്ടപ്പാടിയിലെ പാർട്ടിയിലെ കൊള്ളരുതായ്മ ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. രാമകൃഷ്ണൻ ഇപ്പോഴും പാർട്ടി അംഗമാണ്.

അതേസമയം, ഇരുവരും സുഹൃത്തുക്കളാണെന്നും നല്ല ബന്ധമാണെന്നും ആ തരത്തിൽ തമാശയായി സംസാരിച്ചതെന്നുമാണ് സി.പി.എം അട്ടപ്പാടി ഏരിയ സെക്രട്ടറി എ. പരമേശ്വരന്റെ വിശദീകരണം. പുറത്തുവന്ന സംഭാഷണം ജംഷീർ നിഷേധിച്ചിട്ടില്ല.

'ജാഗ്രത പാലിക്കണം'

തിരഞ്ഞെടുപ്പു കാലത്ത് ഇത്തരം കാര്യങ്ങളിൽ നേതാക്കൾ ജാഗ്രത പാലിക്കണമെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. വിഷയത്തിൽ വസ്തുത പരിശോധിക്കുമെന്നും വ്യക്തമാക്കി.