അമ്മ കോഴിക്കോട്ട്, മകൾ എറണാകുളത്ത്, തിരഞ്ഞെടുപ്പ് ഗോദയിൽ സീനയും അപർണയും

Monday 24 November 2025 4:42 AM IST

കൊച്ചി: ജനവിധി തേടിയിറങ്ങിയ കോഴിക്കോട് തോടന്നൂർ ശ്രീപർണം വീട്ടിലെ അമ്മയും മകളും ആവേശത്തിലാണ്. പക്ഷേ ഇരുവരുടെയും മത്സരം രണ്ട് ജില്ലകളിലും. കോഴിക്കോട് മണിയൂർ പഞ്ചായത്തിലെ നാലാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് ഗൃഹനാഥ സീനാശ്രീനിവാസൻ. 28 കാരിയായ മകൾ അപർണ എറണാകുളം ജില്ലാ പഞ്ചായത്തിലെ വെങ്ങോല ഡിവിഷനിലേക്കാണ് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നത്.

എ.ബി.വി.പി മുൻ ദേശീയ നിർവാഹകസമിതി അംഗമായിരുന്ന അപർണയുടെ കന്നിയങ്കമാണിത്. യുവമോർച്ച സംസ്ഥാന സെക്രട്ടറിയായ ഭർത്താവ് വിഷ്ണുവിനൊപ്പം വെങ്ങോലയിലാണ് താമസം. രണ്ടാംഘട്ട പ്രചാരണത്തിന്റെ തിരക്കിലാണ് സ്ഥാനാർത്ഥി.

കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദവും കാഞ്ചീപുരം യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ഫിലും നേടിയ അപർണ സ്‌കൂൾ കാലഘട്ടം മുതൽ എ.ബി.വി.പിയുടെ സജീവ പ്രവർത്തകയായിരുന്നു. കാലടിയിൽ പഠിക്കുമ്പോളാണ് വിഷ്ണുവിനെ പരിചയപ്പെടുന്നത്. പിന്നീടാണ് വിവാഹ ആലോചനയെത്തുന്നത്. ഒന്നരവയസുള്ള രുദ്രാഞ്ജനയ് ആണ് മകൻ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമ്മയ്ക്കായി പ്രചാരണത്തിനും മുന്നിലുണ്ടായിരുന്നു അപർണ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണിയൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മത്സരിച്ച് വോട്ട് ഉയർത്തിയതിന്റെ വിശ്വാസത്തിലാണ് 47 വയസുള്ള സീന വീണ്ടും മത്സരിക്കുന്നത്. ഭാര്യയും മകളും മത്സരിക്കുന്നതിന്റെ ആവേശത്തിലാണ് തോടന്നൂർ ശ്രീപർണം വീട്ടിലെ ഗൃഹനാഥൻ ശ്രീനിവാസൻ.