പോസ്റ്റൽ ബാലറ്റ് വിതരണം 26 മുതൽ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം 26ന് ആരംഭിക്കും. ത്രിതലപഞ്ചായത്തുകളിൽ 3 ബാലറ്റുകളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നൽകുന്നത്. പോസ്റ്റൽ ബാലറ്റിനായി ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം. അപേക്ഷ ഫോം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും. ,
അപേക്ഷ വോട്ടെടുപ്പിന് കുറഞ്ഞത് ഏഴു ദിവസം മുൻപോ, വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുൻപോ അയക്കുകയോ, നേരിട്ട് നൽകുകയോ ചെയ്യാം. ഗ്രാമ,ബ്ലോക്ക്,ജില്ലാ പഞ്ചായത്തുകളിലേക്ക് ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകൾ നൽകണം. ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് അയക്കുന്നത് ചുമതലപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ്.
ഉദ്യോഗസ്ഥർക്ക്
പരിശീലനം 25ന്
പ്രിസൈഡിംഗ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം 25 മുതൽ 28 വരെ നടക്കും. പരിശീലനത്തിന് ഹാജരാകാതിരിക്കുന്നവർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പോളിംഗ് ബൂത്തിലെ ക്രമീകരണങ്ങളെക്കുറിച്ച് വിശദമായ ക്ലാസുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സംബന്ധിച്ച പ്രായോഗിക പരിശീലനവും ഉണ്ടാകും.
ചിഹ്നം അനുവദിച്ചു
സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടിക്ക്(എസ്.എൻ.ഡി.പി) കുട, കേരള കോൺഗ്രസ്(സ്‌കറിയ തോമസ്) പാർട്ടിക്ക് ലാപ്‌ടോപ്, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിക്ക് കപ്പൽ എന്നീ ചിഹ്നങ്ങൾ അനുവദിച്ചു തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ നിഷ്‌ക്രിയ രാഷ്ട്രീയ പാർട്ടികളുടെ പട്ടികയിൽ ഉൾപ്പെട്ട ഇവ ഹൈക്കോടതിയെ സമീപിക്കുകയും താത്ക്കാലികമായി പട്ടികയിൽ നിന്നും മാറ്റി വിധി നേടുകയുമായിരുന്നു. ദേശീയ പാർട്ടിയായ നാഷണൽ പീപ്പിൾസ് പാർട്ടിക്ക് പുസ്തകം ചിഹ്നം അനുവദിച്ചിട്ടുണ്ട്.