ഭക്ഷ്യവസ്തുക്കളിൽ മനുഷ്യനെ കൊല്ലും മായം വ്യാപകം
@ കൃത്രിമ നിറം മുതൽ കീടനാശിനികൾ വരെ
കോഴിക്കോട്: ഭക്ഷ്യവസ്തുക്കളിൽ നിരോധിത നിറങ്ങളും കീടനാശിനികളും ചേർക്കുന്നത് വ്യാപകമാകുന്നു. ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് ശേഖരിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിൾ പരിശോധനയിലാണ് മാരകമായ അളവിൽ രാസവസ്തുക്കൾ കണ്ടെത്തിയത്. ഇവ ക്യാൻസറിന് ഉൾപ്പെടെ കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കൃത്രിമ ഭക്ഷ്യനിറങ്ങളും കീടനാശിനികളും പ്രിസർവേറ്റീവുകളുമാണ് വില്ലന്മാരാകുന്നത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണ യൂണിറ്റുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. വിവിധതരം മുളക്‌പൊടി, കാശ്മീരി മുളക്‌പൊടി, മല്ലിപ്പൊടി എന്നിവയിൽ മാരകമായ എത്തിയോൺ, കാർബോഫ്യൂറാൻ, ക്ലോത്തിയാനിഡിൻ, ഡിസെൻകോണസോൾ കീടനാശിനികൾ കണ്ടെത്തി. കേക്കുകളിലും ബ്രഡിലമടക്കം ഭക്ഷ്യസുരക്ഷ വകുപ്പ് അനുവദിച്ചതിനെക്കാൾ അളവിലാണ് മായം കലർന്നിട്ടുള്ളത്. പനം ശർക്കര, കരിമ്പ് ശർക്കര എന്നിവയിലും വിഷാംശം കണ്ടെത്തിയിട്ടുണ്ട്. നേരിയ സാന്നിദ്ധ്യം പോലും ഭക്ഷണത്തെ വിഷമാക്കുന്ന റോഡമിൻ ബിയും ഭക്ഷ്യവസ്തുക്കളിൽ കലർന്നിരിക്കുന്നു. വ്യവസായ ആവശ്യങ്ങൾക്കുള്ള ഡൈയാണ് ശർക്കര ഉൾപ്പെടെയുള്ളവയിൽ ചേർക്കുന്നത്. ക്യാൻസറിന് കാരണമാകുന്ന അമരാന്ത് എന്ന രാസവസ്തു റോസ്‌ബെറി, ബീഫ് ചില്ലി, ഉണക്കിയ പ്ലം എന്നിവയിലുണ്ട്. ഓറഞ്ച് 02 എന്ന രാസവസ്തു ചുവന്ന പരിപ്പ്, നാരങ്ങ അച്ചാർ എന്നിവയിലും സുഡാൻ 1, 3, 4 എന്നിവ നാടൻ മുളകുപൊടി, മഞ്ഞൾപൊടി എന്നിവയിലും കണ്ടെത്തി. ചായപ്പൊടി വീണ്ടും ഉണക്കി ഉപയോഗിക്കുന്ന വിൽപ്പനക്കാരുമുണ്ട്. പൊടിച്ച സുഗന്ധവ്യഞ്ജനങ്ങളിൽ മെറ്റാനിൽ മഞ്ഞ, ലെഡ് ക്രോമേറ്റ്, സുഡാൻ റെഡ് എന്നിവയാണ് കൂടുതലുള്ളത്.
നാഡികളെ തളർത്തും
സിന്തറ്റിക് ഡൈ
മഞ്ഞൾപ്പൊടി, മധുരപലഹാരങ്ങൾ, പയറുവർഗങ്ങൾ, ശീതള പാനിയങ്ങൾ എന്നിവയിൽ കൂടുതലായി ഉപയോഗിക്കുന്ന സിന്തറ്റിക് ഡൈയാണ് മെറ്റാനിൽ മഞ്ഞ. ഇത് നാഡീ വ്യൂഹത്തെ തകരാറിലാക്കുന്നു. മറവിയും ആശയക്കുഴപ്പവുമുണ്ടാക്കുന്നു. കോഴിക്കോട് ജില്ലയിൽ മായംകലർത്തിയ നൂറിലധികം പേർക്കെതിരെ ഇക്കൊല്ലം നടപടിയെടുത്തിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ വകുപ്പിന് കീഴിൽ ജില്ലയിൽ ശക്തമായ പരിശോധനകൾ നടന്നുവരുന്നതായും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
മാരക രാസവസ്തുക്കളിൽ ചിലവ
മെറ്റാനിൽ മഞ്ഞ
ലെഡ് ക്രോമേറ്റ്
സുഡാൻ റെഡ്
റോഡമിൻ ബി
അമരാന്ത്
ഓറഞ്ച് 02
സുഡാൻ 1, 3, 4