ജനറൽ ഇൻഷ്വറൻസ് രംഗത്ത് വീണ്ടും ലയന കാലം
മൂന്ന് പൊതുമേഖല കമ്പനികളെ ലയിപ്പിച്ചേക്കും
കൊച്ചി: മൂന്ന് പൊതുമേഖല ജനറൽ ഇൻഷ്വറൻസ് കമ്പനികളെ ലയിപ്പിക്കാൻ കേന്ദ്ര ധനമന്ത്രാലയം ഒരുങ്ങുന്നു. സാമ്പത്തിക സ്ഥിരതയും മത്സരശേഷിയും വർദ്ധിപ്പിക്കാനാണ് ഓറിയന്റൽ ഇൻഷ്വറൻസ്, നാഷണൽ ഇൻഷ്വറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് എന്നിവ ലയിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ മൂന്ന് കമ്പനികളുടെയും ധനകാര്യ സ്ഥിതി മെച്ചപ്പെട്ടിരുന്നു.
കടുത്ത ധന പ്രതിസന്ധി നേരിടുന്നതിനായി ഈ കമ്പനികൾക്ക് 2019-20, 2020-21 സാമ്പത്തിക വർഷങ്ങളിൽ കേന്ദ്ര സർക്കാർ 17,450 കോടി രൂപ ലഭ്യമാക്കിയതോടെ പ്രവർത്തനം മെച്ചപ്പെട്ട കമ്പനികളെ പ്രൊഫഷണലൈസ് ചെയ്യാനും പ്രവർത്തനം വിപൂലീകരിക്കാനും ലയനം ആവശ്യമാണെന്ന് ധനമന്ത്രാലയം വിലയിരുത്തു.
ഇതോടൊപ്പം ന്യൂ ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയെ സ്വകാര്യവൽക്കരിക്കാനും ആലോചനയുണ്ട്.
സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി രണ്ട് പൊതുമേഖല ബാങ്കുകളെയും ഒരു ജനറൽ ഇൻഷ്വറൻസ് കമ്പനിയെയും സ്വകാര്യവൽക്കരിക്കുമെന്ന് 2021-22 വർഷത്തെ കേന്ദ്ര ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ജനറൽ ഇൻഷ്വറൻസ് കമ്പനികളിൽ കേന്ദ്രസർക്കാരിന് 51 ശതമാനം ഓഹരി പങ്കാളിത്തം നിർബന്ധമാക്കുന്ന ജനറൽ ഇൻഷ്വറൻസ് ബിസിനസ് നാഷണലൈസേഷൻ ആക്‌ടിൽ 2021 ആഗസ്‌റ്റിൽ പാർലമെന്റ് ഭേദഗതിയും വരുത്തി.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
പൊതുമേഖല ഇൻഷ്വറൻസ് കമ്പനികളുടെ ലയനത്തിന്റെ ആശയം ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ കാലത്താണ് അവതരിപ്പിച്ചത്. 2018-19 വർഷത്തെ ബഡ്‌ജറ്റിൽ അന്നത്തെ ധനമന്ത്രി അരുൺ ജെറ്റ്‌ലി ഓറിയന്റൽ, നാഷണൽ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനികളെ ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2020 ജൂലായിൽ തീരുമാനം ഉപേക്ഷിച്ചു.
വിദേശ നിക്ഷേപ പരിധി ഉയർത്തിയേക്കും
രാജ്യത്തെ ഇൻഷ്വറൻസ് കമ്പനികളിലെ വിദേശ നിക്ഷേപ പരിധി നിലവിലുള്ള 75 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമായി ഉയർത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇതിനായി ബിൽ അവതരിപ്പിച്ചേക്കും.
ജനറൽ ഇൻഷ്വറൻസിലെ പൊതുമേഖലയുടെ വിപണി വിഹിതം
31.7 ശതമാനം
കമ്പനി : വിപണി വിഹിതം
ന്യൂ ഇന്ത്യ ഇൻഷ്വറൻസ്: 13.25 ശതമാനം
ഓറിയന്റൽ ഇൻഷ്വറൻസ്: 6.83 ശതമാനം
യുണൈറ്റഡ് ഇന്ത്യ: 6.62 ശതമാനം
നാഷണൽ ഇൻഷ്വറൻസ്: 5 ശതമാനം